മനാമ : ബഹ്റിനിലെ പബ്ലിക് പാർക്കിങ് ഫീസ് അടുത്ത മാസത്തോടെ ഇരട്ടിയാക്കാൻ തീരുമാനിച്ചു.ക്യാപിറ്റൽ ഗവർണറ്റ്, സതേൺ ഗവർണറ്റ്, മുഹറഖ് ഗവർണറ്റ് എന്നിവിടങ്ങൾ നിലവിൽ അര മണിക്കൂർ നേരത്തെ പാർക്കിങ്ങിന് നൽകുന്ന 50 ഫിൽസിന് പകരം ഇനി മുതൽ ഡ്രൈവർമാർ 100 ഫിൽസ് നൽകേണ്ടി വരും. ഇതനുസരിച്ച് ഒരു മണിക്കൂർ നേരത്തെ പാർക്കിങ്ങിന് 100 എന്നത് 200 ഫിൽസായും മാറും.

എന്നാൽ പാർക്കിങ്ങിന് അനുവദിക്കുന്ന പരമാവധി സമയമായി രണ്ട് മണിക്കൂറിന് വ്യത്യാസമുണ്ടാകില്ല. ജനുവരി 12ന് പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റ് പ്രകാരം ഫെബ്രുവരി 12 മുതലാണ് പുതിയ നിരക്ക് നിലവിൽ വരിക.

പുതിയ തീരുമാനം നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, റോഡ്സ് ആൻഡ് ഡിസൈൻ ഡയറക്ടറേറ്റ് ഇൻ വർക്‌സ്, മുനിസിപ്പാലിറ്റിസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയം എന്നിവയ്ക്കായിരിക്കും.