മനാമ: ബഹ്‌റിനിൽ ലൈംഗികാതിക്രമങ്ങൾ കുറവെന്ന് റിപ്പോർട്ട്. 2015 ൽ ബഹ്‌റിനിൽ ഔദ്യോഗികമായി റെക്കോർഡ് ചെയ്യപ്പെട്ടത് വെറും എട്ട് ലൈംഗികാതിക്രമ കേസുകളാണെന്നാണ് പുതിയ കണക്കുകൾ.

300 വനിതകളിൽ നടത്തിയ ചോദ്യോത്തര വേളകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വർഷം 955 ഫിസിക്കൽ, വെർബൽ, എക്കണോമിക്,സൈക്കോളജിക്കൽ അതിക്രമങ്ങൾ ഔദ്യോഗികമായി റെക്കോർഡ് ചെയ്തു. ഇതിൽ ഭൂരിഭാഗവും ഭാര്യമാർക്ക് നേർക്കുള്ള അതിക്രമങ്ങളും കുടുംബ ബന്ധങ്ങളിലുണ്ടായ അതിക്രമങ്ങളുമാണ്.

2015ലെ കണക്കനുസരിച്ച് ബഹ്‌റിനിലെ വിവാഹിതരായ സ്ത്രീകളിൽ ഒരു ശതമാനം പേർക്ക് മാത്രമാണ് കുടുംബത്തിൽ നിന്നും ശാരീരികമായോ, മാനസികമായോ, വാക്കാലുള്ളതോ ആയ അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്. ഗാർഹിക പീഡനത്തിനെതിരെ ക്യാംപെയ്‌നും അധികൃതർ സംഘടിപ്പിക്കുന്നുണ്ട്.

ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നത്. ഇതിനായി പ്രത്യേക നിയമവും രൂപീകരിച്ചിട്ടുണ്ട്. ബഹ്‌റിനിൽ ഗാർഹിക പീഡനം ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.