മനാമ: മലയാളികൾ ഉൾപ്പെടെ പലരും എയർപോർട്ടിൽ യാത്രയ്ക്കായി എത്തിയ ശേഷം യാത്രനിരോധന കാര്യം അറിഞ്ഞ് യാത്രമുടങ്ങിയ പല സംഭവങ്ങളും പല തവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. എന്നാൽ ഇനി മുതൽ യാത്രാനിരോധനം നേരത്തെ അറിയാൻ സാധിക്കും. ബഹ്‌റൈനിൽ പൗരന്മാർക്കും പ്രവാസികൾക്കും തങ്ങൾക്കെതിരെ യാത്രാനിരോധനം നിലനിൽക്കുന്നുണ്ടോ എന്നറിയാൻ ഇനി മുതൽ വെബ്‌സൈറ്റ് പരിശോധിച്ചാൽ മതിയാകും. ദേശീയ പോർടലായ bahrain.bhൽ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമെന്ന് നീതിന്യായഇസ്ലാമിക കാര്യഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ബിൻ അബ്ദുല്ല ആൽഖലീഫ വ്യക്തമാക്കി.

2008 മുതലുള്ള വിവരങ്ങളാണ് ലഭ്യമാവുക. ഇൻഫോമാറ്റിക്‌സ് ആൻഡ് ഇലക്ട്രോണിക് ഗവൺമെന്റ് അഥോറിറ്റിയുമായി സഹകരിച്ചാണ് നീതിന്യായഇസ്ലാമിക കാര്യ മന്ത്രാലയം ഈ നടപടി പൂർത്തിയാക്കിയത്. ഗതാഗതടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റിയും ഇതുമായി സഹകരിക്കുന്നുണ്ട്.യാത്രാനിരോധനം നിലനിൽക്കുന്നതായി നേരത്തെ അറിയുന്നതോടെ, തങ്ങൾക്കെതിരായ നടപടി നീക്കാനുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നതാണ് ഈ തീരുമാനത്തിന്റെ നേട്ടം.

ബഹ്‌റൈനിൽ യാത്രാ നിരോധനം നേരിടുന്ന പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് നേടാൻ അനുമതിയായത് ഈയടുത്താണ്. ലേബർ മാർക്കറ്റ് റെഗുലേറ്ററിഅഥോറിറ്റി(എൽ.എം.ആർ.എ)യും നീതിന്യായ മന്ത്രാലയവും ധാരണയിൽ എത്തിയതോടെയാണ് ഇതിന് വഴി തെളിഞ്ഞത്.
ഇതുപ്രകാരം സാമ്പത്തികസിവിൽ കേസുകളിൽ കോടതി വിധിയെ തുടർന്ന് യാത്രാ നിരോധനം നേരിടുന്ന പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് നേടാനും അവരുടെ ബഹ്‌റൈനിലെ താമസം നിയമ വിധേയമാക്കാനും എൽ.എം.ആർ.എ അനുമതി നൽകും.ഇതോടെ ഇത്തരം കുരുക്കുകളിൽ പെട്ടവർക്ക് ജീവിതമാർഗം തേടാനും കടങ്ങൾ വീട്ടി നാട്ടിലേക്ക് തിരിക്കാനും വഴിയൊരുങ്ങും.