മനാമ: മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന രീതിയിൽ ബഹ്‌റിനിൽ നിയമമാറ്റം വരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസി സ്ത്രീകൾക്ക് ഭർത്താവിനെയും കുട്ടികളെയും സ്‌പോൺസർ ചെയ്യുന്നതിന് അനുമതി നല്കുന്ന രീതിയിലാണ് നിയമമാറ്റം വരുന്നത്.ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ) സിഇഒ ഉസാമ അൽ അബ്‌സി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടൊപ്പം ഹൗസ് വൈഫ് വിസയിൽ എത്തുന്ന പ്രവാസികളായ സ്ത്രീകൾക്കും ജോലി ചെയ്യാൻ അനുമതിയുണ്ടാകും. ഇതോടൊപ്പം വിസ- തൊഴിൽ വ്യവസ്ഥകളിലും മാറ്റം വന്നിട്ടുണ്ട്. നേരത്തേ ബഹ്‌റൈനിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഭർത്താവിനെയും മക്കളെയും സ്‌പോൺസർ ചെയ്യാൻ കഴിയുമായിരുന്നില്ല. ഈ വ്യവസ്ഥക്കാണ് മാറ്റം വന്നത്.

ഭർത്താവിന്റെ വിസയിൽ എത്തിയിരുന്ന സ്ത്രീകൾക്ക് ചില പ്രത്യേക ജോലികൾ മാത്രമേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ഇതിലും മാറ്റമുണ്ടായി. ചില വ്യവസ്ഥകൾക്ക് വിധേയമായി ഹൗസ് വൈഫ് വിസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ സാധിക്കും. സെപ്റ്റംബർ 20 വരെ രാജ്യത്ത് അനധികൃതമായി താമസിച്ചിരുന്നവർക്ക് എൽ.എം.ആർ.എ വിസ കൊടുക്കും. ഓരോ മാസവും 2000 ഫ്‌ളെക്‌സി വർക്ക് പെർമിറ്റ് വീതം രണ്ട് വർഷത്തിനകം 48000 പെർമിറ്റ് നൽകും.

രാജ്യത്തെ മുഴുവൻ പേർക്കും ബാങ്ക് അക്കൗണ്ടിലുടെ ശമ്പളം നൽകണമെന്ന വ്യവസ്ഥയും കർശനമാക്കുകയാണ്. അടുത്ത വർഷം ആദ്യ പാദം ഇക്കാര്യം നിർബന്ധമാക്കുമെന്നും ഉസാമ അൽ അബ്‌സി പറഞ്ഞു.