മനാമ: ബഹ്റിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നും ഈടാക്കുന്ന ഫീസ് വർദ്ധിപ്പിക്കാൻ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം തീരുമാനിച്ചു. നിലവിൽ അഞ്ച് ബഹ്റിൻ ദിനാർ ആണ് ഫീസ് ഇനത്തിൽ നൽകേണ്ടി വരുന്നതെങ്കിൽ ഇനി മുതൽ ഇത് ഏഴ് ദിനാർ ആയി ഉയർത്തും.

ഇതു സംബന്ധിച്ച വിജ്ഞാപനം ഡിസംബർ 29നാണ് പുറപ്പെടുവിച്ചത്. 90 ദിവസത്തിനുള്ളിൽ വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാർച്ച് 26 മുതൽ ഈ ഭേദഗതി പ്രാബല്യത്തിൽ വരുമെന്നാണു റിപ്പോർട്ട്.

യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വിമാനക്കമ്പനി ഈ തുക യാത്രക്കാരിൽനിന്ന് ഈടാക്കും. പിന്നീട് ഇതു വിമാനത്താവള അധികൃതർക്കു കൈമാറും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ അടിസ്ഥാന നിരക്കിനു പുറമെ നികുതി, ഇന്ധന ഫീസ്, യാത്രാസൗകര്യങ്ങ ൾക്കുള്ള ഫീസ് എന്നിവ യാത്രക്കാരൻ അടയ്ക്കേണ്ടതായി വരും.

ഇതോടൊപ്പം രണ്ട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയിൽ ഇടത്താവളമായി ബഹ്റിൻ വിമാനത്താവളത്തിൽ ഇറങ്ങുന്നവരിൽ നിന്ന് ഒരു ദിനാറും ഫീസായി ഈടാക്കുവാനും ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.