പ്രെട്രോളിയം വരുമാനം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ബഹ്‌റിൻ പുതിയ നികുതികൾ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി മലിന ജലത്തിന് മേൽ പുതിയ നികുതി വരുന്നെന്ന് റിപ്പോർട്ടുകൾ. പെട്രോളിയത്തിൽ നിന്നുള്ള വരുമാനം കുറയുന്ന സാഹചര്യത്തിൽ പുതിയ നികുതി ചുമത്തി വരുമാനത്തിലെ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ വ്യവസായങ്ങൾക്കും കോമേഴ്‌സ്യൽ സ്ഥാപനങ്ങൾക്കും നികുതി ഏർപ്പെടുത്തിയ ശേഷം രണ്ടാം ഘട്ടത്തിലായിരിക്കും വീടുകൾക്ക് നികുതിവരിക. പദ്ധതിയുടെ രണ്ടാം ഘട്ടം നാഷണൽ അസംബ്ലി അംഗീകരിക്കേണ്ടതുണ്ട്. നിലവിൽ സീവേജ് നിയമത്തിലെ ഭേദഗതിയിലൂടെ വീടുകൾ ഒഴിവാക്കി നിർത്തിയിട്ടുണ്ട്.

എന്നാൽ ഭാവിയിൽ വീടുകൾ കൂടി നികുതി നൽകേണ്ടവരുടെ പട്ടികയിലേക്ക് വരാവുന്നതാണ്. പാർലമെന്റ് പബ്ലിക്ക് യൂട്ടിലിറ്റീസ് ആൻഡ് എൺവിയോൺമെന്റൽ അഫയർ കമ്മിറ്റിയും അർബൻ പ്ലാനിങ് അഫയേഴ്‌സ് മിനിസ്ട്രിയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയത് പ്രകാരം വീടുകൾ കൂടി നികുതിയുടെ പരിധിയിൽ വരാൻ സാധ്യതയുണ്ട്. മന്ത്രിസഭയാണ് നിരക്ക് തീരുമാനിക്കുക. മലിന ജലം കളയുന്നതിനുള്ള ചാലുകളുടെ ശൃംഖല, മാസത്തിൽ വരുന്ന സംസ്‌കരണ ചെലവ്, ശുദ്ധീകരിച്ച ജലത്തിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചായിരിക്കും നികുതി നിരക്ക് വ്യക്തമാക്കപ്പെടുക.2006ലെ നിയമത്തിനാണ് ഭേദഗതി വരികയെന്നാണ് റിപ്പോർട്ടുകൾ.