മനാമ: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബഹ്‌റൈൻ ഗ്രാൻഡ് പ്രീക്ക് ഇന്നലെ തുടക്കമായി. ഫോർമുല വണ്ണിന്റെ ആരംഭം കുറിച്ച് കൊണ്ട് പതാകകളുയർന്നപ്പോൾ ആയിരക്കണക്കിന് സന്ദർശകരാണ് സാക്ഷ്യം വഹിക്കാനെത്തിയത്. രാജ്യത്ത് സന്ദർശകരുടെ എണ്ണത്തിൽ റിക്കോഡ് സൃഷ്ടിക്കുകയാണ് ഈ വർഷത്തെ ഗ്രാൻഡ് പ്രീയുമെന്ന് പ്രാഥമിക നിഗമനങ്ങൾ പറയുന്നു. 

ബഹ്‌റൈൻ ഇന്റർനാഷണൽ സർക്ക്യൂട്ട് അവതരിപ്പിക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനമായ പരിപാടികളിലൊന്നാണ്. ഈ വർഷത്തെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന്റെ സെക്കന്റ് റൗണ്ടാണ് ഇത്തവണ നടക്കുന്നത്. 57 ലാപ്പ് ബഹ്‌റൈൻ ഗ്രാൻഡ് പ്രീ ഏപ്രിൽ മൂന്നിന് വൈകീട്ട് ആറിന് ആരംഭിക്കും. ഇതിനുള്ള യോഗ്യതാ മത്സരം ഇന്ന് വെകീട്ട് ആറു മുതലാണ് നടക്കുക. പരിശീലന ഓട്ടങ്ങൾ നാളെ വരെ തുടരും.

ഗ്രാൻഡ് പ്രീയൊടനുബന്ധിച്ച് ഒട്ടേറെ സംഗീത പരിപാടികളാണ് നടക്കുന്നത്. രണ്ടു തവണ ഗ്രാമി അവാർഡിനു നോമിനേറ്റു ചെയ്യപ്പെട്ട അന്താരാഷ്ട്ര പ്രശസ്ത ഡിജെയായ അവിസി ആണ് ഇത്തവണത്തെ മുഖ്യ ആകർഷണം. ഇദ്ദേഹത്തെ കൂടാതെ ഡിജെ ആക്‌സ്വെൽ ഇൻഗ്രൂസോ, ജിമ്മി ക്‌ളിഫ് തുടങ്ങിയ കലാകാരന്മാരും വിവിധ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.
ഗൾഫ് എയറാണ് ഫോർമുല വൺ ഗ്രാൻഡ് പ്രിയുടെ ഔദ്യോഗിക സ്‌പോൺസർമാർ. മൂന്ന് ദിവസം നീളുന്ന പരിപാടിയുടെ ആവേശത്തിമിർപ്പിലാണ് രാജ്യം.