മനാമ: രാജ്യത്ത് വിദേശികൾക്കായി ഏർപ്പെടുത്തിയ ആരോഗ്യ ഫീസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും പ്രതീക്ഷയേകി ആരോഗ്യ മന്ത്രാലയം. പുതുതായി വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ആരോഗ്യ ഫീസ് ഒഴിവാക്കിക്കൊടുക്കുന്നതിനുള്ള അപേക്ഷകൾ വേണ്ടരീതിയിൽ പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാ രോഗ്യ വിഭാഗ അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽജലാഹിമ വ്യക്തമാക്കിയതോടെയാണ് വീണ്ടും പ്രവാസികൾക്ക് പ്രതീക്ഷയാകുന്നത്.

വിവിധ ആശുപത്രികളുടെയും കമ്പനികളുടെയും ആവശ്യം പരിഗണിച്ച് ആരെയൊക്കെ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാ മെന്നതിനെക്കുറിച്ചാണ് പഠനം നടത്തുക.

തൊഴിലാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ചില കമ്പനികൾ എൽ.എം.ആർ.എയിലും ഫീസ് അടക്കേണ്ടി വരുന്ന വിഷയമാണ് പരിഗണനയിലുള്ളത്.50 ൽ താഴെ തൊഴിലാളികളുള്ള കമ്പനികൾ എൽ.എം.ആർ.എയുടെ ആരോഗ്യ ഫീസിൽ നിന്നൊഴിവാകാനും മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്താനും ആഗ്രഹിക്കുന്നുണ്ട്.അവരുടെ ആവശ്യം വേണ്ടവിധം പരിഗണിക്കേണ്ടതുണ്ട്. ആരോഗ്യ മന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ജലാഹിമ വ്യക്തമാക്കി.