മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ബഹ്‌റൈൻ-ഇന്ത്യ വാരാചരണ'ത്തിന് ഡിസംബർ ഒന്നുമുതൽ തുടക്കമാകുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വ്യാപാരരംഗത്ത് ഇരുരാജ്യങ്ങളിലേയും കമ്പനികൾ തമ്മിൽ മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കാനും നിക്ഷേപസാധ്യതകൾക്ക് വഴിയൊരുക്കാനും സഹായകമാകുന്ന ഉന്നതതല 'ബിസിനസ്-ടു-ബിസിനസ്' എക്‌സിബിഷൻ ഇതോടനുബന്ധിച്ച് നടക്കും. ഡിസംബർ ഒന്ന്,രണ്ട് തിയതികളിൽ ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിലാണ് എക്‌സ്‌പോ നടക്കുന്നത്.

ഇന്ത്യൻ വിദേശകാര്യ വകുപ്പ്, ഇന്ത്യൻ എംബസി, ബഹ്‌റൈൻ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ നടക്കുന്ന പ്രദർശനവുമായി ദ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട് ഓർഗനൈസേഷൻസ്, ഇന്ത്യൻ ബിസിനസ് ചേംബർ, ബഹ്‌റൈൻ ഇക്കണോമിക് ഡവലപ്‌മെന്റ് ബോർഡ്, തംകീൻ, ഇന്ത്യയിലെ ബഹ്‌റൈൻ എംബസി എന്നിവയും സഹകരിക്കും.

ഇതുസംബന്ധിച്ച വാർത്താസമ്മേളനം കഴിഞ്ഞ ദിവസം ന്യൂ ഡൽഹിയിൽ നടന്നിരുന്നു. ഇതിൽ ഇന്ത്യയിലെ ബഹ്‌റൈൻ എംബസി ഡെപ്യൂട്ടി അംബാസഡർ മറാം അൽ സാലിഹ് പങ്കെടുത്തു. ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.