മനാമ: തുടർച്ചയായ വർഷങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ പ്രവേശനം നിർത്തിവയ്ക്കാൻ മന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയം നിഷ്‌ക്കർഷിക്കുന്ന അദ്ധ്യാപക വിദ്യാർത്ഥി അനുപാതം ബഹ്‌റിനിലെ എല്ലാ സ്‌ക്കൂളുകളിലും പാലിക്കണമെന്ന നിർദ്ദേശം മുൻവർഷങ്ങളിലും മന്ത്രാലയം പുറപ്പെടുവിച്ചെങ്കിലും അത് സ്‌കൂളുകൾ അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി്ക്ക് കാരണമായിരിക്കുന്നത്.

മുൻ വർഷങ്ങളിലും മന്ത്രാലയം അദ്ധ്യാപക വിദ്യാർത്ഥി അനുപാതം പാലിക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാൽ അധിക സൗകര്യങ്ങൾ ഒരുക്കുമെന്ന് മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി വാഗ്ദാനം നൽകിയിരുന്നു. എങ്കിലും പുതിയ സ്‌ക്കൂൾ കെട്ടിടം മറയാക്കി മന്ത്രാലയം നിർദ്ദേശത്തെ മറികടന്ന് കഴിഞ്ഞ വർഷം അധിക പ്രവേശനം നടത്തിയത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അത് ആവർത്തിക്കാതിരിക്കുന്നതിനാണ് കർശന നിർദ്ദേശവുമായി മന്ത്രാലയം മുന്നോട്ട് വന്നത്.

ബഹ്‌റിനിലെ മറ്റു സ്‌ക്കൂളുകളിൽ നിന്നും സ്ഥലം മാറ്റം വാങ്ങിയെത്തിയ മുഴുവൻ കുട്ടികളെയും തിരികെ അയയ്ക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. വിദ്യാർത്ഥികളെ തിരികെ പ്രവേശിപ്പിക്കണമെന്ന് ട്രാൻസ്ഫർ നൽകിയ സ്‌ക്കൂളുകളോട് മ്രന്താലയം നിർദ്ദേശിച്ചിട്ടുണ്ട്.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ