- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ തട്ടിപ്പിന് ഇരയാവരെ എംബസി വഴി സഹായിക്കും: ബഹ്റൈൻ കേരളീയ സമാജം
മനാമ: ഓൺലൈൻ തട്ടിപ്പിന് ഇരയായി ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ട്ടപ്പെട്ട മലയാളികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അവർക്കാവശ്യമായ പിന്തുണ ഇന്ത്യൻ എംബസി വഴി സാധ്യമാക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
ഇന്ത്യൻ എംബസിയുടെ ഓൺലൈൻ ഓപ്പൺ ഹൗസിൽ പരാതിക്കാരുടെ വിഷയങ്ങൾ സമാജം ചാരിറ്റി - നോർക്ക ജനറൽ കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി എന്നിവർ ഇന്ത്യൻ അംബാസഡറുടെ മുൻപാകെ വിശദമാക്കിയിട്ടുണ്ടെന്നും, സമാജം വഴി ഇരകളായവരുടെ വിവരങ്ങൾ എംബസിക്ക് നൽകി തുടർ നടപടികൾക്ക് സഹായിക്കുമെന്നും അവർ അറിയിച്ചു. ഇക്കാര്യത്തിലും, ശമ്പള കുടിശിക, ട്രാഫിക് നിയമസഹായം എന്നിവക്കെല്ലാം എംബസി ലീഗൽ സെല്ലിന്റെ സഹായം അർഹർക്ക് പൂർണ്ണമായും സൗജന്യമായി നൽകണമെന്നും ബഹ്റൈൻ കേരളീയ സമാജം ഇന്ത്യൻ അംബാസഡറോട് ഓപ്പൺ ഹൗസിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
എയർ ബബിൾ എഗ്രിമെന്റ് പ്രകാരം നിജപ്പെടുത്തിയിരിക്കുന്ന, നാട്ടിൽ നിന്നും ബഹ്‌റൈനിലേക്ക് വരുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയാൽ യാത്രാ നിരക്ക് കുറയുമെന്നും, കൂടുതൽ യാത്രക്കാർക്ക് തിരികെ വന്ന് ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കുമെന്നും സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ഓപ്പൺ ഹൗസ്സിൽ നിർദേശിച്ചു. ഇതിനായി ശ്രമം നടത്തുമെന്ന് അംബാസഡർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ അറിയിച്ചു.