ഹ്‌റൈനിലെ നാടക പ്രവർത്തകർക്കും ആസ്വാദകർക്കും വ്യത്യസ്തമായ ഒരനുഭവം കാഴ്ച വെയ്ക്കാൻ ആധുനിക തിയേറ്റർ സങ്കേതങ്ങളുടേയും രംഗാവതരണ രീതികളുടേയും പഠനത്തിനായി ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമയുടെ ഈ വർഷത്തെ തീയേറ്റർ വർക്ക്‌ഷോപ്പിന് നാളെ വൈകിട്ട് 8 മണിക്ക് തിരിതെളിയുകയായി.

പ്രവാസ ലോകത്തെ കലാ സാഹിത്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് ചാർത്തിയിട്ടുള്ള ബഹ്‌റൈൻ കേരളീയ സമാജം ഒരു ചുവട് മുന്നിൽ നടന്ന് മറ്റുള്ളവർക്ക് വഴികാട്ടിയാവുകയാണ്.

ഈ സംരഭത്തിനായി പ്രശസ്ത നാടക സിനിമാ സംവിധായകനും തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനുമായ ഡോ.എസ്.സുനിൽ ബഹ്‌റൈനിൽ എത്തുന്നു.
പ്രശസ്തമായ നിരവധി നാടകങ്ങൾ രചനയും സംവിധാനവും ചെയ്തിട്ടുള്ള ഇദ്ദേഹം 2001ലും 2008ലും കേരള സംഗീത നാടക അക്കാദമി നടത്തിയ അമേച്വർ നാടക മൽസരങ്ങളിൽ രണ്ടാമത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

ഇദ്ദേഹം സംവിധാനം ചെയ്ത ' മറു ഭാഗം ' എന്ന ചലച്ചിത്രം 2016ൽ ജോൺ അബ്രഹാം ഫിലിം അവാർഡ്‌സ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും, കുട്ടികൾക്കായി നിർമ്മിച്ച 'കളിയൊരുക്കം' എന്ന ചലച്ചിത്രം 2007 ലെ സംസ്ഥാന പുരസ്‌കാരവും നേടുകയുണ്ടായി. 2014ൽ അബുദാബി ശക്തി തിയേറ്റേർസ്‌നു വേണ്ടി 'സ്വപ്ന മാർഗ്ഗം ' എന്ന നാടകം സംവിധാനം ചെയ്തു.

ഇത്രയും പരിചയസമ്പന്നനായ ശ്രീ.എസ്.സുനിലിന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ക്യാമ്പും അതിന്റെ പരിസമാപ്തി കുറിച്ചു കൊണ്ട് ഓഗസ്റ്റ് മാസം 25ആം തീയതി അവതരിപ്പിക്കപ്പെടുന്ന നാടകവും ബഹ്‌റൈനിലെ നാടക ആസ്വാദകർക്കിടയിൽ വലിയ ചർച്ചയും പ്രതീക്ഷയുമാണ് ഇതിനോടകം ഉണർത്തിയിരിക്കുന്നത്.

ഈ സംരഭത്തിൽ പങ്കാളികളാകാനും 22ന് 8 മണിക്ക് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനും ബഹ്‌റൈനിലെ നല്ലവരായ എല്ലാ കലാ സ്‌നേഹികളേയും സഹർഷം സ്വാഗതം ചെയ്യുന്നു.