ഹ്‌റൈൻ കേരളീയ സമാജം ഡിസി ബുക്‌സുമായി സഹകരിച്ചു നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഇന്ന് സാഹിത്യ ക്വിസ് സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ അറിയിച്ചു.

മൂന്നു പേർ അടങ്ങിയ ടീമുകൾ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രായ പരിധി ബാധകമല്ല. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടിജി മാത്യൂ( 39775584 ) വിപിൻകുമാർ( 39964087) എന്നിവരുമായി ബന്ധപ്പെട്ടു പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്.

7ന് ആരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവം കാണാൻ നിരവധി പേരാണ് സമാജത്തിൽ എത്തുന്നത്. കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ നേടിയ കെ ആർ മീരയുടെ ആരാച്ചാരും സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും സമീപ കാലത്ത് പ്രസിദ്ധീകൃതമായ എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയിയും പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെട്ട ബഹ്‌റൈനിലെ സിനിമ നാടക കലാകാരി ജയ മേനോന്റെ ഭ്രമകൽപ്പനകളും വായനക്കാരുടെ ഇഷ്ട പുസ്തകങ്ങളാണ്. അന്തരിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം രചിച്ച പുസ്തകങ്ങളും ചേതൻ ഭഗതിന്റെ നോവലുകളും നിരവധി പേർ തിരഞ്ഞെടുക്കുന്നുണ്ട്. കുട്ടികളുടെ പുസ്തകങ്ങളും വലിയ തോതിലുള്ള വിൽപന നടക്കുന്നുണ്ട് എന്ന് ഡിസി ബുക്‌സ് പ്രതിനിധികൾ അറിയിച്ചു.

ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ അടക്കമുള്ള മുപ്പതിനായിരത്തിലധികം ടൈറ്റിലുകൾ പുസ്തകമേളയിൽ ലഭ്യമാണ്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പുസ്തകമേളയിൽ രാത്രി വൈകിയും ഇതര ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരടക്കം പുസ്തക പ്രേമികളുടെ വൻ പങ്കാളിത്തമുണ്ട്.