ഹ്‌റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ കലാസന്ധ്യ 'സാന്ത്വനം 2015 ' കേരളീയ സമാജം ജൂബിലി ഹാളിൽ സംഘടിപ്പിച്ചു. സമൂഹത്തിലെ നിർദ്ധനാരായ കാൻസർ രോഗികൾക്ക് സാന്ത്വനമാകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ഇടവക വികാരി റവ: സാം മാത്യുവിന്റെ അദ്ധ്യക്ഷതയിലും സഹവികാരി റവ: ജേക്കബ് ജോർജ്ജിന്റെ സാന്നിധ്യത്തിലും നടന്ന പൊതുസമ്മേളനം കേരളത്തിലെ ആദ്യ മൂലകോശ ദാതാവായ എബി സാം ജോൺ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ നിരാലംബരും നിർദ്ധനരുമായവർക്ക് എന്നും സാന്ത്വനമായി യുവജനങ്ങൾ പ്രവർത്തിക്കണമെന്ന് റവ: സാം മാത്യു തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മരണത്തെ മുഖാമുഖം കാണുന്ന കാൻസർ രോഗികൾക്ക് ഒരു മാർഗദീപമായി സമൂഹത്തിൽ നിലകൊള്ളുന്ന എബി സ്വന്തം ജീവിതത്തെ തുറന്നുകാട്ടി സമൂഹ നന്മയ്ക്കായി ജീവിക്കാൻ ആഹ്വാനം ചെയ്തു. വെൻസെക് ചെയർമാൻ കോശി സാമുവേൽ മുഖ്യാതിഥി ആയ സമ്മേളനത്തിൽ സാമുവേൽ തങ്കപ്പന് ഈ വർഷത്തെ യുവജനസഖ്യം പ്രതിഭാപുരസ്‌കാരം നൽകി ആദരിച്ചു. എബ്രഹാം മാത്യു പ്രാരംഭപ്രാർത്ഥനയും, സഖ്യം സെക്രട്ടറി ഫിന്നി എബ്രഹാം സ്വാഗതവും കൺവീനർ ബിജു മാത്യു നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ കേരള സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, ഡിറ്റി, 4 പി.എം ന്യൂസ് എം ഡി ഉണ്ണികൃഷ്ണൻ, റവ: ജേക്കബ് ജോർജ്ജ്, ഇടവക സെക്രട്ടറി വർഗ്ഗീസ് മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 'സാന്ത്വനം' എന്ന പ്രമേയത്തിന്റെ ഗാനവിഷ്‌കാരവും അവതരണവും വിവിധ കലാപരിപാടികളും അരങ്ങേറി. ഷിജു ജോൺ ചാത്തന്നൂർ രചനയും സംവിധാനവും നിർവഹിച്ച 'അഭയാർഥികൾ' എന്ന നാടകം വയോധികമാതാപിതാക്കളെ അനാഥരായി വയോധികസദനങ്ങളിൽ നടതള്ളുന്ന പുതുപ്രവണതയുടെ മുൻപിൽ ഒരു ചോദ്യചിന്ഹമുയർത്തി. നാടൻ വിഭവങ്ങളുമായി ഒരു തട്ടുകട സാന്ത്വനം 2015 ന്റെ സായംസന്ധ്യയിൽ രുചി പകർത്തി.