മനാമ: ബഹ്‌റിനിൽ ഇന്ന് മുതൽ ഉച്ചവിശ്രമം നടപ്പിലാകും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുള്ള ഉച്ച വിശ്രമ നിയമം കർശനമായി പാലിക്കുന്നതിന് സ്വകാര്യമേഖലയിലെ മുഴുവൻ കമ്പനികളും സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ നേരത്തെ അറിയിച്ചിരുന്നു.

സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് ഉച്ചക്ക് 12 മുതൽ വൈകിട്ട് നാല് വരെ ഉച്ച വിശ്രമം അനുവദിക്കണമെന്നാണ് 2013ലെ മൂന്നാമത് മന്ത്രാലയ ഉത്തരവിൽ പറയുന്നത്. സൂര്യതാപം, ഉഷ്ണ രോഗങ്ങൾ, നിർജലീകരണം എന്നിവ തൊഴിലാളികളെ ബാധിക്കാതിരിക്കുന്നതിനാണ് ഈ നിയമം കർശനമായി പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.

സൂര്യതാപമേറ്റുകഴിഞ്ഞാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെ സംബന്ധിച്ചും തൊഴിലാളികളെ ബോധവൽക്കരിക്കണമെന്ന് കമ്പനികളോടും സ്ഥാപനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.ജോലി നിയന്ത്രണം നിലവിലുള്ള രണ്ട് മാസങ്ങളിൽ തൊഴിലിടങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘം പരിശോധന നടത്തുകയും നിയമ ലംഘനം നടക്കുന്നില്‌ളെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

ഉച്ച വിശ്രമം ജി.സി.സിഅറബ് രാജ്യങ്ങളിൽ ആദ്യം ഏർപ്പെടുത്തിയത് ബഹ്‌റൈനാണ്. പിന്നീടാണ് പല രാജ്യങ്ങളും ഇത് നടപ്പാക്കാൻ മുന്നോട്ട് വന്നത്. കഴിഞ്ഞ വർഷം 98ശതമാനം കമ്പനികളും നിയമം പാലിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.നിയമം ലംഘിക്കുന്ന കമ്പനികളിൽ നിന്ന് 500 ദിനാറിൽ കുറയാത്ത പിഴ ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

പല നിർമ്മാണക്കമ്പനികളും ഈ കാലയളവിൽ രാവിലെ 4 മുതൽ ഉച്ചക്ക് 12 മണി വരെയോ അല്‌ളെങ്കിൽ വൈകിട്ട് 4 മുതൽ രാത്രി 12 വരെയോ തൊഴിൽസമയം ക്രമീകരിക്കുകയാണ് പതിവ്. ഏതെങ്കിലും കമ്പനികൾ തൊഴിലാളികളെക്കൊണ്ട് ഈ സമയം നിർബന്ധിച്ചു ജോലി ചെയ്യിക്കുന്നുണ്ടെങ്കിൽ അക്കാര്യം അധികൃതരെ അറിയിക്കാനായി 17870176 എന്ന ഹോട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.