മനാമ: ബഹ്‌റൈനിലെ എംപിമാർക്ക് പെരുമാറ്റചട്ടം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. പാർലമെന്റിനകത്തും പുറത്തും എംപിമാരുടെ ഇടപെടൽ എങ്ങനെയാകണമെന്ന കാര്യം പ്രതിപാതിക്കുന്നതാകും പെരുമാറ്റ ചട്ടം.എംപിമാർക്ക് നിയന്ത്രണമേർപ്പെടുത്തുകയെന്നതല്ല പെരുമാറ്റ ചട്ടത്തിന്റെ ഉദ്ദേശം. മറിച്ച് ആചാര മര്യാദകൾ, വസ്ത്രധാരണ രീതി തുടങ്ങിയ കാര്യങ്ങളാകും ഇതിൽ പരാമർശിക്കുക.

പോയ വർഷം പാർലമെന്റ് ചെയർമാൻ അഹ്മദ് അൽ മുല്ലയാണ് ഇക്കാര്യം ആദ്യം നിർദ്ദേശിച്ചത്. തുടർന്ന് ലെജിസ്ലേറ്റീവ്, ലീഗൽ അഫയേഴ്‌സ് കമ്മിറ്റി നിർദ്ദേശങ്ങൾ സമർപ്പിക്കുകയായിരുന്നു. കമ്മിറ്റി ചെയർമാൻ അലി അൽ അതീഷ് പാർലമെന്റിന്റെ നാല് സമിതികൾക്കും പെരുമാറ്റ ചട്ടത്തിന്റെ കരട് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ വിവിധ സമിതികൾ അഭിപ്രായം രേഖപ്പെടുത്തും.
വിവിധ രാജ്യങ്ങളിൽ പാർലമെന്റ് അംഗങ്ങൾക്കായി പെരുമാറ്റ ചട്ടം നിലവിലുണ്ടെന്ന് പാർലമെന്റ് ഫസ്റ്റ് വൈസ് ചെയർമാൻ അലി അൽ അറാദി പറഞ്ഞു.

നിലവിൽ എംപിമാരുടെ ഭാഗത്തുനിന്നുള്ള പിഴവുകൾ പാർലമെന്റ് ബൈലോ അനുസരിച്ചാണ് വിലയിരുത്തുന്നത്. പാർലമെന്റ് അധ്യക്ഷന്റെ അധികാരവും ഇതിന് ഉപയോഗപ്പെടുന്നുണ്ട്. എംപിമാരുടെ അവകാശങ്ങളിലും അധികാരങ്ങളിലും കൈകടത്തുന്ന കാര്യങ്ങൾ പെരുമാറ്റ ചട്ടത്തിന്റെ കരട് രേഖയിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അൽ അറാദി വ്യക്തമാക്കി. എംപിമാരിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും.

കഴിഞ്ഞ മാസം പാർലമെന്റിൽ എംപിമാർ തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് പെരുമാറ്റ ചട്ടം വേണമെന്ന ആവശ്യമുയർന്നിരുന്നു. നിലവിലുള്ള നിയമപ്രകാരം സഭയിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്നത് കുറ്റകരമാണ്. എന്നാൽ വൈകിവരിക, സഭാനടപടികൾക്കിടെ പുറത്തുപോവുക, സഹപ്രവർത്തകരോട് മര്യാദയില്ലാതെ പെരുമാറുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമർശമില്ല.

ഇത് പെരുമാറ്റ ചട്ടം വരുന്നതോടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. പാർലമെന്റ് അധ്യക്ഷന് പെരുമാറ്റചട്ടം കൂടുതൽ അധികാരങ്ങൾ നൽകും.