ബഹറിൻ: പരമ്പരാഗത ഭക്ഷണ ശാലകകളിൽ തുടങ്ങി കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ മുതൽ ഹൈപ്പർമാർക്കറ്റ് വരെ എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി കൊണ്ട് ബഹ്‌റിനിൽ പുതിയ സെൻട്രൽ മാർക്കറ്റ് ഒരുക്കാനുള്ള പദ്ധതിയാണ് അധികൃതർ തയ്യാറാക്കുന്നത്. പുതിയ മാർക്കറ്റിന്റെ സൗകര്യങ്ങൾ പുറത്ത് വിട്ടതോടെ വ്യാപാരികൾ പ്രതീക്ഷ ഏറിയിരിക്കുകയാണ്.

മാർക്കറ്റ് 18 മാസം കൊണ്ട് പണി പൂർത്തിയാക്കുമെന്ന് ബഹറിൻ നഗരസഭാ ആസൂത്രണ മന്ത്രി എസ്സാം ഖലാഫ് അറിയിച്ചു. നിലവിലുള്ള മാർക്കറ്റിലെ അസൗകര്യങ്ങളെ കുറിച്ച് നിരന്തരം പരാതികൾ വ്യാപാരികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ടെങ്കിലും രാജ്യത്ത് കുറച്ചു കാലങ്ങളായി നടക്കുന്ന സംഭവ വികാസങ്ങളെ തുടർന്ന് ഇത്തരം വികസന പദ്ധതികൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

കടുത്ത ചൂട് അനുഭവിക്കുന്ന മാസങ്ങളിൽ ശീതീകരണ സൗകര്യമില്ലാത്ത മാർക്കറ്റിൽ പഴവർഗങ്ങൾ പെട്ടന്ന് കേട് വരുന്നതായും, പാർക്കിംങ് പരിമിതിയും ചൂടും ഭയന്ന് ആളുകൾ സെൻട്രൽ മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിക്കുന്ന പ്രവണത കുറഞ്ഞു വരുന്നതായും വ്യാപാരികൾ പരാതി പറഞ്ഞിരുന്നു. പ്രാഥമിക കാര്യങ്ങൾക്ക് പോലും വേണ്ടത്ര സൗകര്യം നിലവിൽ മാർക്കറ്റിലില്ല. പുതിയ മാർക്കറ്റ് നിലവിൽ വരുന്നതോടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് എസ്സാം ഖലാഫ് വ്യക്തമാക്കി. സെൻട്രൽ ശീതീകരണ സംവിധാനവും വാശാലമായ പാർക്കിംങ് സൗകര്യവും പുതിയ മാർക്കറ്റിൽ ഒരുക്കുന്നുണ്ട്.