മനാമ: ബഹ്റൈനിൽ ഇത്തവണത്തെ ഫോർമുലാ വൺ ഗ്രാന്റ്പ്രീ ഏപ്രിൽ 6,7,8 തീയതികളിൽ അരങ്ങേറും. ആകെയുള്ള 21 റെയ്സുകളിൽ എട്ടാമത്തേതാണ് ബഹ്റൈനിൽ അരങ്ങേറുക. ഗ്രാൻപ്രീ തുടങ്ങുന്നതിന് മുമ്പു തന്നെ സർക്യൂട്ടിൽ വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നത് ഈ വർഷത്തെ ഗ്രാൻപ്രീയുടെ പ്രത്യേകതയാണെന്ന് സംഘാടകരായ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് കൊമേഴ്സ്യൽ ഡയറക്ടർ ഷെറീഫ് അൽ മെഹ്ദി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇത്തവണയും ലോകപ്രശസ്തരായ കലാകാരന്മാരുടെ സംഗീതപരിപാടി പ്രധാന ആകർഷണമാണ്.

കഴിഞ്ഞ വർഷം മൂന്നു ദിവസങ്ങളിലായി 90,000 കാണികളാണ് സർക്യൂട്ടിലെത്തിയത്. ഗ്രാൻഡ്പ്രീയിലൂടെ നാലായിരത്തോളം പേർക്കാണ് പ്രത്യക്ഷമായും പരോക്ഷമായും വർഷം തോറും ജോലി ലഭിക്കുന്നത്. മുൻ വർഷങ്ങളിൽ നടന്മാരായ സൽമാൻ ഖാൻ, സയ്യിദ് ഖാൻ, ക്രിക്കറ്റുതാരങ്ങളായ യുവ്രാജ്സിങ്, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവർ ഇന്ത്യയിൽനിന്ന് എത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സെലിബ്രിറ്റികളാരും പങ്കെടുക്കുന്നതായി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.

ഫോർമുലാ വൺ വീക്ഷിക്കാനെത്തുന്നവർക്ക് ഇത്തവണയും ഓൺ അറൈവൽവിസ സൗജന്യമായി അനുവദിക്കും. ബഹ്റൈനിൽ ഇറങ്ങുന്നതുമുതൽ രണ്ടാഴ്ച കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയായിരിക്കും അനുവദിക്കുക. അതേസമയം ജി.37 ഗ്രൂപ്പിൽപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്കു മാത്രമാണ് ഓൺ അറൈവൽ വിസാ സൗകര്യമുള്ളത്. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസ സൗജന്യമായി അനുവദിക്കുമെങ്കിലും ഏതെങ്കിലും സ്പോൺസർമാർ വഴിയോ ഹോട്ടലുകൾ വഴിയോ വിസക്ക് അപേക്ഷ നൽകേണ്ടിവരും.

ഏതൊക്കെ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഓൺ അറൈവൽ വിസ അനുവദിക്കുന്നതെന്നും മറ്റുമുള്ള പൂർണ്ണവിവരങ്ങൾ ബഹ്റൈൻ ഗ്രാന്റ്പ്രീയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽനിന്നു ഫോർമുലാവൺ ടിക്കറ്റുമായി ബഹ്റൈൻ വിമാനത്താവളത്തിൽ എത്തുന്ന ആർക്കും സൗജന്യ വിസ അനുവദിക്കും. ഇത്തരത്തിൽ അനുവദിക്കുന്ന വിസ പാസ്പോർട്ടിൽ സ്റ്റാമ്പു ചെയ്യുകയില്ല. വിസയുടെ പ്രിന്റ്ഔട്ട് നൽകുകയാണു ചെയ്യുന്നത്. ഈ വിസയുടെ കാലാവധി നീട്ടിക്കിട്ടുകയുമില്ല. യാത്രക്കാരന് തിരിച്ചുപോകാനുള്ള ടിക്കറ്റും കയ്യിൽ കരുതണം.