മനാമ: ബഹ്‌റിനിലെ നിയമവിധേയരല്ലാതെ കഴിയുന്നവർക്ക് പ്രതീക്ഷ നല്കി പൊതുമാപ്പ് ഉടനുണ്ടാകുമെന്ന് സൂചന. യാതൊരു പിഴയും കൂടാതെ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാജ്യം വിട്ടുപോകാൻ രണ്ടുമുതൽ മൂന്നു മാസം വരെ അവസരെ കൊടുക്കുന്നതിനെക്കുറിച്ചാണ് ബഹ്‌റിൻ തൊഴിൽ മന്ത്രാലയം ആലോചിക്കുന്നത്.

ഇതുസംബന്ധിച്ചുള്ള പദ്ദതി ഇതുവരെ പാർലമെന്റിന്റെ അംഗീകാരത്തിന് അയച്ചിട്ടില്ല. വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തങ്ങുന്ന പ്രവാസികൾക്ക് പുറത്തുപോകാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ലേബർ അണ്ടർ സെക്രട്ടറി സബാഹ് അൽ ദോസ്സറി പറഞ്ഞു.

കാബിനറ്റ് അംഗീകാരം ലഭിച്ചാൽ ഈ വർഷം പകുതിയോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നു. 2010 ലാണ് ബഹ്‌റൈനിൽ അവസാനം പൊതുമാപ്പ് പ്രഖ്യാപനം ഉണ്ടായത്. അന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ)യുടെ നേതൃത്വത്തിലാണ് 'ഈസി എക്‌സിറ്റ് സ്‌കീം' എന്ന പേരിൽ പൊതുമാപ്പ് നടപ്പാക്കിയത്. ഇതുവഴി അന്ന് 6,000 പേരാണ് നാട്ടിലേക്ക് പോയത്.

തുടർന്ന് ദേശവ്യാപകമായി പരിശോധന നടത്തുകയും രേഖകളില്ലാത്തവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ ജോലിക്കായി നിയമിച്ചവർക്ക് പിഴയും ഒടുക്കേണ്ടി വന്നിരുന്നു. ബഹ്‌റൈനിൽ മതിയായ രേഖകളില്ലാതെ കഴിയുന്നവരിൽ ഏറിയ പങ്കും ബംഗ്‌ളാദേശ് സ്വദേശികളാണ്. ഇത് വിനിയോഗിക്കാതെ രാജ്യത്ത് കഴിയുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും.