മനാമ: വൈദ്യുതിക്കും വെള്ളത്തിനുമുള്ള സബ്‌സീഡികൾ നിർത്തലാക്കിയത് മാർച്ച് മാസം മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഒരുവീടിൽ കൂടുതലുള്ള സ്വദേശികൾ, വിദേശികൾ, വലിയ വ്യവസായ സ്ഥാപനങ്ങൾ എന്നിവക്ക് നിരക്ക് വർധന വരും. നാലുവർഷം കൊണ്ട് നിരക്കുകൾ ഘട്ടംഘട്ടമായി വർധിപ്പിച്ച് 2019ൽ വൈദ്യുതിക്ക് യൂനിറ്റൊന്നിന് 29 ഫിൽസും വെള്ളത്തിന് 750 ഫിൽസുമാക്കും. വൈദ്യുതിക്കും വെള്ളത്തിനുമുള്ള പ്രതിമാസ സർവീസ് ചാർജ് 400 ഫിൽസിൽ നിന്ന് രണ്ട് ദിനാറായി വർധിപ്പിച്ചു.

ഒരുവീട് മാത്രമുള്ള സ്വദേശികൾക്ക് ഇപ്പോഴത്തെ നിരക്ക് തുടരും. ആദ്യ കാറ്റഗറിക്കാർക്ക് 3000 യൂനിറ്റ് വരെ മൂന്ന് ഫിൽസാണ് ഇപ്പോൾ ഈടാക്കുന്നത്. രണ്ടാം വിഭാഗക്കാർക്ക് 3001 മുതൽ 5000 യൂനിറ്റ് വരെ ഒമ്പത് ഫിൽസ്, മൂന്നാം വിഭാഗക്കാർക്ക് 5000 യൂനിറ്റിന് മുകളിൽ 16 ഫിൽസ് എന്നിങ്ങനെയും. വെള്ളം 60 ക്യുബിക് മീറ്റർ വരെ 25 ഫിൽസ്, 100 ക്യുബിക് മീറ്റർ വരെ 80 ഫിൽസ്, 101 ക്യുബിക് മീറ്ററിന് മുകളിൽ 200 ഫിൽസ്. ആദ്യ വിഭാഗത്തിൽ പെട്ട വിദേശികൾക്ക് വൈദ്യുതിക്ക് യൂനിറ്റൊന്നിന് ആറുഫിൽസായിരിക്കും മാർച്ച് മുതലുള്ള നിരക്ക്. അടുത്തവർഷം 13 ഫിൽസും 2018ൽ 21 ഫിൽസും 2019ൽ 29 ഫിൽസുമാകും. രണ്ടാം വിഭാഗത്തിൽ പെട്ടവർ ഈ വർഷം 13 ഫിൽസ് നൽകണം. 18, 23,29 എന്നിങ്ങെനയായിരിക്കും തുടർന്നുള്ള വർഷങ്ങളിൽ. മൂന്നാം വിഭാഗത്തിൽ പെട്ടവർക്ക് 19, 22, 25, 29 എന്നിങ്ങെനയുമായിരിക്കും. വെള്ളത്തിന് ആദ്യ വിഭാഗത്തിലുള്ളവർ ഈ വർഷം ഒരു യൂനിറ്റിന് 80 ഫിൽസ് നൽകണം.

200, 450, 750 എന്നിങ്ങനെയാണ് തുടർന്നുള്ള വർഷങ്ങളിലെ നിരക്ക്. രണ്ടാം വിഭാഗക്കാർക്ക് ഈ വർഷം 200 ഫിൽസ്. പിന്നീട് 300, 500, 750 എന്നിങ്ങനെയാകും. മൂന്നാം വിഭാഗക്കാർക്ക് ഈ വർഷം 300, തുടർന്നുള്ള വർഷങ്ങളിൽ 400, 600, 750 എന്നിങ്ങനെയാണ് നിരക്ക്. ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങൾക്ക് വൈദ്യുതിക്ക് 5000 യൂനിറ്റ് വരെ 16 ഫിൽസെന്ന നിരക്ക് തുടരും. എന്നാൽ വൻകിട കമ്പനികൾ 5000 മുതൽ 2,50,000 യൂനിറ്റ് വരെ ഈ വർഷം 19 ഫിൽസ് നൽകണം. തുടർന്നുള്ള വർഷങ്ങളിൽ 22, 25, 29 ഫിൽസാക്കും. 2,50,001നും അഞ്ചുലക്ഷത്തിനും ഇടയിൽ യൂനിറ്റ്
വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 21, 23, 26, 29 എന്നിങ്ങനെയാണ് നിരക്ക്. അഞ്ചുലക്ഷം യൂനിറ്റിന് മുകളിൽ ഈ വർഷം മുതൽ തന്നെ 29 ഫിൽസ് നൽകണം.

വീട്ടാവശ്യത്തിനല്ലാത്ത വെള്ളത്തിന് 450 ക്യുബിക് മീറ്റർ വരെ ഈ വർഷം ഒരുയൂനിറ്റിന് 400 ഫിൽസാണ്. പിന്നീടിത് 550, 650, 750 ഫിൽസാകും. 1000 ക്യുബിക് മീറ്റർ വരെ യഥാക്രമം 500, 600, 700, 750 എന്നിങ്ങെനയാണ്. 1000 ക്യുബിക് മീറ്ററിന് മുകളിൽ 750 ഫിൽസ്. സ്വദേശി വിവാഹമോചിതർ, വിധവകൾ, 21 വയസ്സിന് മുകളിലുള്ള വിവാഹം കഴിക്കാത്ത സ്ത്രീകൾ, വാടകക്ക് താമസിക്കുന്ന സ്വദേശികൾ, വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകൾ, 21 വയസ്സിന് താഴെയുള്ള സ്വദേശി കുട്ടികളെ പരിപാലിക്കുന്ന വിദേശികൾ എന്നിവർക്ക് പഴയ നിരക്ക് തുടരും. ഒന്നിൽ കൂടുതൽ വീടുകളുള്ള സ്വദേശികൾക്ക് ഒന്നിന് മാത്രമേ സബ്‌സിഡി നിരക്ക് ലഭിക്കൂ.