മനാമ: പൊതുജനങ്ങളുടെ സൗകര്യാർത്ഥം പുതിയ രണ്ട് ബസ് റൂട്ടുകൾ കൂടി ഉൾപ്പെടുത്തിയതായി ബഹ്‌റിൻ പബ്ലിക്ക് ട്രാൻസ്‌പോർട്ട് കമ്പനി അറിയിച്ചു. ഇതനുസരിച്ച് ബസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയതായി കമ്പനി അറിയിച്ചു.

പുതിയ സർവ്വീസ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബസ് X2 നേരിട്ട് മനാമ ബസ് ടെർമിനലിൽ നിന്നും ആസ്രിയിലേക്ക് തിരിക്കും. ബുദൈയസീഫ്‌സിറ്റി സെന്റർ മാൾ മനാമ അൽ ഫത്തേഹ് ഹൈവേ പ്രിൻസ് ഖലീഫ ബിൻ സൽമാൻ കോസ് വേ എന്നിവിടങ്ങളിലൂടെ കറങ്ങിയാണ് ബസ് ആസ്രേയിൽ എത്തുന്നത്.

ഇതിന് പുറമെ പുതിയ ബസ് സർവ്വീസ് ജുഫൈറിൽ നിന്നും മാനമ, സീഫ്, സിറ്റിസെന്റർ മാൾ തുടങ്ങിയ ഭാഗങ്ങളിലേക്കും ഓടും. പുതിയ ബസ് റൂട്ട് ജുഫൈർ നോർത്ത് ഗൾഫ് ഹോട്ടൽ എക്‌സിബിഷൻ അവന്യൂ മനാമ സനബിസ് അവന്യൂ 2 റിട്‌സ് കാർട്ടൺ ഹോട്ടൽ സീഫ് സിറ്റി സെന്റർ മാൾ എന്നിങ്ങനെയാണ്.

X2 ഓരോ 24 മിനിറ്റിലമായിരിക്കും സർവ്വീസ് നടത്തുക. അതേസമയം റൂട്ട് 41 ആകട്ടെ ഓറോ 30 മിനിറ്റിലും. സോണൽ സ്ട്രക്ചർ അനുസരിച്ചായിരിക്കും പുതിയ ട്രാൻസ്‌പോർട്ട് സംവിധാനം പ്രവർത്തിക്കുക. പുതിയ ബസ് സർവ്വീസുകൾ ഓഗസ്റ്റ് 1 മുതലായിരിക്കും പൂർണ്ണമായ രീതിയിൽ നടപ്പിലാക്കി വരിക.

പത്തു റൂട്ടുകൾ കൂടി പുതുതായി ഉൾപ്പെടുത്താനാണ് ഉദ്യേശിക്കുന്നത്. ഇതോടെ റൂട്ടുകളുടെ എണ്ണം 32 ആകും. രാജ്യത്തിലെ 77 ശതമാനം റസിഡൻഷ്യൽ ഏരിയയും ഇതോടെ പൊതു ഗതാഗതത്തിന്റെ പരിധിയിൽ വരും. 50000 യാത്രക്കാരെ ദിനം പ്രതി ഉൾക്കൊള്ളാൻ കഴിവുള്ളതായിരിക്കും പബ്ലിക്ക് ട്രാൻസ്‌പോർട്ട് സംവിധാനം.