മനാമ: രാജ്യത്ത് പുതുക്കിയ ഡീസൽ, മണ്ണെണ്ണ വില വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. വില കൂട്ടാൻ കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ലിറ്ററിന് 120 ഫിൽസിനായിരിക്കും പമ്പുകളിൽ ഡീസലും മണ്ണെണ്ണയും ലഭ്യമാവുക.

ഡീസലിന് 100 ഫിൽസും മണ്ണെണ്ണക്ക് 25 ഫിൽസുമാണ് ഇപ്പോൾ ഈടാക്കുന്നത് (1000 ഫിൽസാണ് ഒരു ദിനാർ). വിദേശികളുടെ വൈദ്യുതി, വെള്ളം സബ്‌സിഡി വെട്ടിക്കുറക്കുന്നത് സംബന്ധിച്ച തീരുമാനം ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് ഊർജ മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ മിർസ പറഞ്ഞു.

പെട്രോൾ സബ്‌സിഡി കുറക്കുന്നത് സംബന്ധിച്ച് പഠനം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ വരുമാന സ്രോതസ്സുകൾ കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെയാണ് മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പുറകെ ബഹ്‌റൈനും ഇന്ധനവില വർധിപ്പിക്കാൻ തീരുമാനമെടുത്തത്. പെട്രോൾ വില ഇപ്പോൾ കൂട്ടിയിട്ടില്‌ളെങ്കിലും ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് മന്ത്രി നൽകിയത്.

വിദേശികൾക്ക് മാംസത്തിനുള്ള സബ്‌സിഡി നേരത്തെ എടുത്തുകളഞ്ഞിരുന്നു. വൈദ്യുതി, വെള്ളം സബ്‌സിഡി കൂടി വെട്ടിക്കുറക്കുന്നതോടെ ജീവിതച്ചെലവ് വർധിക്കുമെന്നത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാകും. മറ്റ് ഗൾഫ് രാജ്യങ്ങളെക്കാൾ ചെലവ് കുറവാണെന്നതിനാൽ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിക്കുന്നത്. പുതിയ സാഹചര്യത്തിൽ കുടുംബത്തെ നാട്ടിലയക്കാനുള്ള തയ്യാറെടുപ്പിലാണ് പലരും.