മനാമ: തുടർച്ചയായ രണ്ടാം തവണയും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യമായി തെരഞ്ഞെടുത്തത് ബഹ്‌റിനെ. എച്ച്.എസ്.ബി.സി നേതൃത്വത്തിൽ നടത്തിയ സർവ്വേയിലാണ് ബഹ്‌റൈന് വീണ്ടും അംഗീകാരം ലഭിച്ചത്. 45രാജ്യങ്ങളെയാണ് സർവെയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 26,871പ്രവാസികൾ പങ്കെടുത്തു

മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കയിലും പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട രാജ്യം ബഹ്‌റൈൻ ആണെന്നാണ് സർവെയിൽ കണ്ടെത്തിയത്. പ്രവാസികൾക്ക് എളുപ്പം സൗഹൃദം സ്ഥാപിക്കാൻ സാധിക്കുന്ന കാര്യത്തിൽ ബഹ്‌റൈന് ഒന്നാം സ്ഥാനമാണുള്ളത്.

കുട്ടികളുടെ കാര്യങ്ങൾക്കുള്ള സൗകര്യങ്ങൾ,ജീവിതനിലവാരം, തൊഴിൽ, ധനസ്ഥിതി, എന്നിവയാണ് വിലയിരുത്തപ്പെട്ടത്. വസ്തു വാങ്ങാൻ സാധിക്കുന്നതിൽ രണ്ടാം സ്ഥാനവും ജീവിത നിലവാരത്തിൽ നാലാം സ്ഥാനവും സഹിഷ്ണുതയിൽ ഏഴാം സ്ഥാനവും ലഭിച്ചു. കുട്ടികളുടെ ജീവിത നിലവാരം നാടിനോളം മികച്ചതാണെന്ന് 78 ശതമാനം രക്ഷിതാക്കളും സർവ്വേയിൽ വിലയിരുത്തി.

നാടിനേക്കാൾ തൊഴിൽ സുരക്ഷിതത്വം ഇവിടെ ലഭിക്കുന്നുവെന്ന് പറഞ്ഞത് 36 ശതമാനം പേരാണ്. കഴിഞ്ഞ വർഷം 30 ശതമാനം പേരാണ് ഈ അഭിപ്രായം ഉന്നയിച്ചത്.ചെലവഴിക്കാനായി നാട്ടിലുള്ളതിനേക്കാൾ പണം മാറ്റിവെക്കാനാകുന്നുണ്ടെന്ന് 62 ശതമാനം പേർ അഭിപ്രായപ്പെ ട്ടപ്പോൾ, നാടിനേക്കാൾ പണം സമ്പാദിക്കാൻ സാധിക്കുന്നുണ്ടെന്ന് 65 ശതമാനം പേരും അഭിപ്രായപ്പെടുന്നു.