മനാമ: പൊതുജനങ്ങൾക്ക് വിവിധ ഇ-ഗവൺമെന്റ് സേവനങ്ങൾ നൽകുന്നതിൽ ബഹ്‌റൈൻ മുമ്പിലെന്ന് റിപ്പോർട്ട്.'യു.എൻ. ഇ-ഗവൺമെന്റ് സർവെ 2016'ലാണ് ബഹ്‌റൈൻ ഗൾഫിൽ ഒന്നാമതത്തെിയത്. ഏഷ്യയിൽ അഞ്ചാമതും ആഗോളതലത്തിൽ 24 ബഹ്‌റൈന്റെ സ്ഥാനം. 193 രാജ്യങ്ങളിലെ അവസ്ഥയാണ് സർവെയിൽ പരിഗണിച്ചത്.

ജി.സി.സിയിൽ ബഹ്‌റൈന് തൊട്ടുപിറകിലുള്ളത് യു.എ.ഇ ആണ്. ആഗോള തലത്തിൽ യു.എ.ഇക്ക് 29ാം സ്ഥാനമാണുള്ളത്. പിന്നീടുള്ള സ്ഥാനങ്ങളിൽ കുവൈത്തും സൗദിയും ഖത്തറും ഒമാനുമാണുള്ളത്. ഇ-ഗവൺമെന്റ് വികസന ഇൻഡക്‌സിലും ബഹ്‌റൈൻ മുന്നേറിയിട്ടുണ്ട്.

2010 മുതൽ നാല് തവണയും ബഹ്‌റിൻ തന്നെയാണ് മുന്നിൽ.400ൽപരം മാനദണ്ധങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കുകൾ നൽകുന്നത്. 193 രാജ്യങ്ങളിൽ ആകെ 29 രാജ്യങ്ങൾക്ക് മാത്രമാണ് ഇവയിലെല്ലാം 75 ശതമാനത്തിൽ കൂടുതൽ റാങ്ക് ലഭിച്ചിട്ടുള്ളത്. ഈ 29 രാജ്യങ്ങളിൽ ബഹ്റിനും ഉൾപ്പെടുന്നു.

24ാം റാങ്കാണ് ഇ-ഗവൺമെന്റ് റാങ്കിങിൽ ബഹ്റിൻ കരസ്ഥമാക്കിയിരിക്കുന്നത്. യു.എ.ഇ 29, കുവൈത്ത് 40, സൗദി അറേബ്യ 44, ഖത്തർ 48, ഒമാൻ 66 എന്നിങ്ങനെയാണ് മറ്റ് അറബ് രാഷ്ട്രങ്ങളുടെ റാങ്കുകൾ.സർവെയിൽ 400ഓളം കാര്യങ്ങൾ പരിഗണിച്ചിട്ടുണ്ട്. ടെലി കമ്മ്യൂണിക്കേഷൻ രംഗത്തെ അടിസ്ഥാന സൗകര്യ വികസന ഇൻഡക്‌സിൽ ബഹ്‌റൈന് 11ാം സ്ഥാനമാണുള്ളത്.

2014ൽ ഇത് 26ാം സ്ഥാനമായിരുന്നു. ടെലിഫോൺ, മൊബൈൽ, വയർലെസ് ബ്രോഡ്ബാന്റ് ഉപഭോക്താക്കളുടെ എണ്ണമാണ് ഇത് സൂചിപ്പിക്കുന്നത്. പ്രായപൂർത്തിയാവരുടെ സാക്ഷരത, വിദ്യാഭ്യാസം (യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം ഉൾപ്പെടെ) തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചുള്ള 'ഹ്യൂമൻ കാപിറ്റൽ ഇൻഡക്‌സി'ൽ ബഹ്‌റൈന് 77ാം സ്ഥാനമാണുള്ളത്.

ഓൺലൈൻ സേവന ഇൻഡക്‌സിൽ രാജ്യത്തിന് 22ാം സ്ഥാനമുണ്ട്. ജനങ്ങളുടെ പങ്കാളിത്തം, ലഭ്യമായ സർക്കാർ രേഖകൾ, ബഹുവിധ സേവനങ്ങൾ തുടങ്ങിയവയാണ് ഇതിനായി പരിഗണിച്ചത്.യു.എൻ. സാമ്പത്തിക, സാമൂഹികകാര്യ വിഭാഗം ഓരോ രണ്ടുവർഷം കൂടുമ്പോഴുമാണ് ഈ റിപ്പോർട്ട് തയാറാക്കുന്നത്.