മനാമ: ജി.സി.സി രാജ്യങ്ങളിലേക്കുള്ള മൊബൈൽ ഫോൺ റോമിങ് നിരക്കുകൾ കുറക്കാൻ ബഹ്‌റൈൻ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി തീരുമാനിച്ചു. 

കുറഞ്ഞ നിരക്കുകൾ അടുത്തവർഷം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ഫോൺ കോൾ, എസ്.എം.എസ്, മൊബൈൽ ഡാറ്റ നിരക്കുകളിലാണ് കുറവുണ്ടാവുക. രണ്ടുഘട്ടങ്ങളിലായാണ് റോമിങ് നിരക്കുകൾ കുറക്കുക. ജി.സി.സി രാജ്യങ്ങളിലെ ടെലികമ്യൂണിക്കേഷൻ മന്ത്രാലയങ്ങളും റെഗുലേറ്റർമാരും മൊബൈൽ ഫോൺ ഓപറേറ്റർമാരും ചേർന്ന് നടത്തിയ നീണ്ട കാലത്തെ ചർച്ചകൾക്കൊടുവിലാണ് റോമിങ് നിരക്ക് കുറക്കാൻ തീരുമാനം കൈക്കൊണ്ടത്.

മൊബൈൽ ഓപ്പറേറ്റർമാർക്ക് 2016 ജനുവരി ഒന്ന് മുതൽ തന്നെ കുറഞ്ഞ നിരക്കുകൾ ലഭ്യമാകും. ബഹ്‌റൈനിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി സഞ്ചരിക്കുന്നവർക്കാണ് പുതിയ തീരുമാനം ഏറെ ഗുണകരമാവുക.

റോമിംഗിൽ ആയിരിക്കുമ്പോൾ ലോക്കൽ ഔട്‌ഗോയിങ് കോളുകൾക്ക് മിനുട്ടിന് 98 ഫിൽസ്, ഇന്റർനാഷണൽ ഔട്‌ഗോയിങ് കോളുകൾക്ക് 241 ഫിൽസ്, ഇൻകമിങ് കോളുകൾക്ക് 132 ഫിൽസ്, എസ്.എം.എസിന് 30 ഫിൽസ്, ഒരു എം.ബി ഡാറ്റക്ക് 489 ഫിൽസ് എന്നിങ്ങനെയായിരിക്കും പുതിയ നിരക്ക് പ്രകാരം ഈടാക്കുക.

റോമിങ് ചാർജിനെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് മൂലം പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ഉണ്ടാവുന്ന കനത്ത നഷ്ടം ഒഴിവാക്കുവാൻ ലക്ഷ്യമിട്ടാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. മൊബൈൽ കമ്പനികൾ തമ്മിലുള്ള മത്സരക്ഷമത നിലനിർത്താൻ ഇതിലും കുറഞ്ഞ നിരക്കിൽ ഓഫറുകൾ നൽകാൻ കമ്പനികൾ തയ്യാറാണെങ്കിൽ ഇതിനുള്ള അനുവാദവും നൽകും.