മനാമ: പൊതു നിരത്തുകൾ ഉപയോഗിക്കുന്നതിന് വിദേശികളായ കാർ ഉടമകൾക്ക് വാർഷിക ഫീസ് ഏർപ്പെടുത്താൻ നീക്കം.പാർലമെന്റ് അംഗങ്ങളായ ജമീൽ ഖാദം അൽ മഹ്ഫൗദ്, ഗസ്സി അൽ റഹ്മ എന്നിവർ ഇത് സംബന്ധിച്ച നിർദ്ദേശം പാർലമെന്റ് ഹൗസിലെ ബന്ധപ്പെട്ട വകുപ്പിന് മുന്പിൽ സമർപ്പിക്കും. ഇതിനായി നിലവിലെ ഗതാഗത നിയമം ആർട്ടിക്കിൾ 23ൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകളിൽ ഭേദഗതി വരുത്താനാണ് ആലോചന.

വിദേശികളുടെ വാഹനങ്ങൾക്ക് വെഹിക്കിൾ ഫീസ് ഏർപ്പെടുത്തുക, വാഹന രജിസ്‌ട്രേഷൻ ഡ്രൈവിങ് ലേണിങ് ലൈസൻസ് ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ ഫീസ് ഇരട്ടിയാക്കുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

സാന്പത്തികപ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. വാർഷിക റോഡ് ഫീസ് സന്പ്രദായം നിലവിൽ വന്നാൽ പ്രവാസികളായ വാഹന ഉടമകൾക്ക് വർഷത്തിൽ 100 ദിനാർ വരെ അടയ്‌ക്കേണ്ടി വന്നേക്കുമെന്ന് എംപി അൽ മഹ്ഫൗദ് പറഞ്ഞു.