മനാമ: വൈവിധ്യമാർന്ന പരിപാടികളുമായി ഷിഫ അൽ ജസീറ ആശുപത്രി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മെഴുകുതിരി കത്തിക്കൽ, പ്രതിജ്ഞയെടുക്കൽ, കേക്ക് മുറിക്കൽ, ആദരിക്കൽ, അവാർഡ് സമർപ്പണം, ക്വിസ് മത്സരം, റാഫിൾ ഡ്രോ തുടങ്ങിയവ അരങ്ങേറി.

ഐപി, ഒപി അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ റേയ്ച്ചൽ ബാബു നഴ്സിങ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കൽ ഡയരക്ടർ ഡോ. സൽമാൻ നഴ്സസ് ദിന സന്ദേശം നൽകി. സാമൂഹികമായ ജീവിതത്തിൽ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്സുമാരെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെയും കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെയും മെഡിക്കൽ ഡയറക്ടർ പ്രസംഗത്തിൽ എടുത്തുപഞ്ഞു.

ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. 'നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി, പരിചരണത്തിന്റെ സാമ്പത്തിക ശക്തി' എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ആഘോഷം.ചടങ്ങിൽ ബഹ്റൈനിലെ നഴ്സിങ് മേഖലയിൽ കഴിഞ്ഞ 35 വർഷമായി സ്തുത്യർഹ സേവനം നഴിക്കുന്ന സിസ്റ്റർ റേയ്ച്ചൽ ബാബുവിനെ ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. ഷിഫ അൽ ജസീറയിൽ ദീർഘകാല സേവനം അനുഷ്ഠിക്കുന്ന നഴ്സുമാർക്ക് മെമന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 20 വർഷത്തെ സേവനത്തിന് ജോസിൽ ജോൺ, ലിസി ജോൺ(16 വർഷം), സോണിയ ജോൺ (14 വർഷം), എലിസബത്ത് തോമസ് (13 വർഷം) എന്നിവർക്ക് മെമന്റോകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

നഴ്സുമാരായ ഷബ്ന നസീർ, ബിനു പൊന്നച്ചൻ, അജയ് ജേക്കബ്, പ്രിൻസി തോമസ്, സോഫിയ സാബു, പ്രജിത്ത്, ആശാ മോൾ, രാജി സനൽ കുമാർ, ഹർഷാദ് എന്നിവരെയും ആദരിച്ചു. ഡോ. സൽമാൻ, മെഡിക്കൽ അഡ്‌മിനസ്ട്രേറ്റർ ഡോ. ഷംനാദ് എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കിസ് മത്സരത്തിന് ക്വാളിറ്റി മാനേജർ സിസ്റ്റർ ആൻസി അച്ചൻകുഞ്ഞ് നേതൃത്വം നൽകി. ഹോസ്പിറ്റൽ ഡയരക്ടർ ഷബീൽ അലി റാഫിൾ ഡ്രോ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, റാഫിൾ ഡ്രോ വിജയികളെ ഡോ.ഷംനാദ് മജീദ് പ്രഖ്യാപിച്ചു. ചടങ്ങിൽ മുതിർന്ന ഡോക്ടർമാരായ ഡോ. ചന്ദ്രശേഖരൻ നായർ, ഡോ. അബ്ദുൾ ജലീൽ, ഡോ. പ്രേമാനന്ദൻ, ഡോ. അലീമ, ഡോ. വഹീദ, ഡോ. സുൽത്താന നസ്രീൻ, ഡോ. ബിൻസി തുടങ്ങിയവരും നഴ്സുമാരും മാനേജർമാരും മറ്റു ജീവനക്കാരും പങ്കാളികളായി. ആൻസി അച്ചൻകുഞ്ഞ് സ്വാഗതം പറഞ്ഞു. ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ സുൾഫിക്കർ കബീർ അവതാരകനായി.