ഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മഹാ രുചിമേള ഭക്ഷ്യവിഭവങ്ങളുടെ വൈവിധ്യം രുചിക്കാനെത്തിയ ആയിരക്കണക്കിന് ആളുകളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ ഇരമ്പിയെത്തിയ ആയിരങ്ങൾക്ക് കാസർഗോഡ് മുതൽ കന്യകുമാരി വരെയുള്ള വിവിധ ഭക്ഷണവൈവിധ്യങ്ങൾ മനസ്സിലാക്കാനും അസ്വാദിക്കാനും അവസരമൊരുക്കിയിരുന്നു.

മജിഷ്യനും അവതാരകനുമായ രാജ് കലേഷ് രുചി മേളയിൽ നിരവധി കലാപരിപാടികളും മാജിക്കുകളുമായി നിറഞ്ഞു നിന്നു.സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം പി രഘുവിന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്ത ഭക്ഷ്യമേളക്ക് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതമാശംസിച്ചു. മഹാ രുചി മേളയുടെ കൺവീനർ ഷാജൻ സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ സെക്കന്റ് സെക്രട്ടറി രവി.കെ. ജയിൻ, മിലിറ്ററി അറ്റഷേ നൗഷാദ് അലി ഖാൻ, ലുലു ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സജിത്ത്, ബഹറൈനിലെ വിവിധ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ. ഭക്ഷ്യമേളയുടെ പ്രധാന സ്‌പോൺസർമാരായ മോണോ ലോഞ്ച് പ്രതിനിധി ജോജി തുടങ്ങിയവർ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.

പ്രശാന്ത് മാസ്റ്റർ, റമിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്ത ഡാൻസ് പരിപാടിയും ഉണ്ടായിരുന്നു..മഹാ രുചിമേള വൻവിജയമാക്കി തീർത്ത ബഹറൈൻ പ്രവാസി സമൂഹത്തിനും വിശിഷ്യ മലയാളികൾക്കും ഭക്ഷ്യമേളയിൽ വിവിധ സ്റ്റാളുകളൊരുക്കി സഹകരിച്ച വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി സമാജം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പി.വി രാധാകൃഷ്ണപിള്ള, വർഗ്ഗീസ് കാരക്കൽ, ശ്രാവണം കൺവീനർ ശങ്കർ പല്ലൂർ എന്നിവർ അറിയിച്ചു.