- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ സ്റ്റുഡന്റ്‌സ് കൗൺസിൽ ചുമതലയേറ്റു
മനാമ:ഇന്ത്യൻ സ്‌കൂൾ സ്റ്റുഡന്റ്‌സ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. ഒക്ടോബർ ഒന്നിന് ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് 2022-2023 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ പ്രിഫെക്ടോറിയൽ കൗൺസിൽ അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേറ്റത്. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഭരണസമിതി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ അടങ്ങുന്ന ലെവൽ എ കൗൺസിലിന്റെ ഹെഡ് ബോയ് ആയി ആദർശ് അഭിലാഷും ഹെഡ്‌ഗേളായി വിഘ്‌നേശ്വരി നടരാജനും തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതും പത്തും ക്ളാസുകൾ ഉൾപ്പെടുന്ന ബി ലെവലിൽ ഹെഡ് ബോയ് ഗോപു അജിത്ത് , ഹെഡ് ഗേൾ ആരാധ്യ കാനോടത്തിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ആറു മുതൽ എട്ടു വരെ ക്ളാസുകൾ ഉൾപ്പെടുന്ന സി ലെവലിൽ ഹെഡ് ബോയ് ജോയൽ ഷൈജുവും ഹെഡ് ഗേൾ അഗ്രിമ യാദവും ചുമതലയേറ്റു.
നാലും അഞ്ചും ഗ്രേഡുകൾ അടങ്ങുന്ന ഡി ലെവലിൽ അഹമ്മദ് മുസ്തഫ ഹസ്സൻ സെയ്ദ് ഹെഡ് ബോയ് ആയും അനിക രാഘവേന്ദ്ര ഹെഡ് ഗേളായും ചുമതലയേറ്റു. നാല് മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ അവരുടെ പഠന മികവിന്റെയും നേതൃത്വ ഗുണങ്ങളുടെയും അടിസ്ഥാനത്തിൽ അഭിമുഖത്തിലൂടെയാണ് കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്.
സ്‌കൂളിന്റെ സമഗ്രവികസനത്തിലേക്കുള്ള പ്രയാണത്തിൽ മികവ് പുലർത്തി സ്‌കൂളിന്റെ കാഴ്ചപ്പാടും ദൗത്യവും നിറവേറ്റാൻ കഴിയുന്ന നേതൃ പാടവം കൈവരിക്കണമെന്നു സ്റ്റുഡന്റ്‌സ് കൗൺസിൽ അംഗങ്ങളോട് പരിപാടി ഉദ്ഘാടനം ചെയ്ത ചെയർമാൻ പ്രിൻസ് എസ്.നടരാജൻ അഭ്യർത്ഥിച്ചു. എല്ലാ വിദ്യാർത്ഥികളെയും ഒരുമിച്ചു കണ്ടു സമഭാവനയോടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥി നേതാക്കളെ ഓർമ്മിപ്പിച്ചു.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിലിനെ അഭിനന്ദിച്ച അദ്ദേഹം വിദ്യാർത്ഥി നേതാക്കൾ എന്ന നിലയിൽ തങ്ങളുടെ കഴിവിന്റെ പരമാവധി നിർവഹിക്കണമെന്ന് ഊന്നിപ്പറഞ്ഞു.
വിദ്യാർത്ഥികളായ ആര്യൻ അറോറയും ഐശ്വര്യ സിനിലാലും പരിപാടിയുടെ അവതാരകരായിരുന്നു. ദേശീയ ഗാനം, വിശുദ്ധ ഖുർആനിൽ നിന്നുള്ള പാരായണം, സ്‌കൂൾ പ്രാർത്ഥനാഗാനം എന്നിവയോടെയാണ് ചടങ്ങ് ആരംഭിച്ചത്. സ്‌കൂൾ ബാൻഡിന്റെ അകമ്പടിയോടെ സ്‌കൂൾ പതാകയുമായി വിദ്യാർത്ഥി നേതാക്കളുടെ മാർച്ച് പാസ്റ്റ് നടന്നു. പ്രിൻസിപ്പൽ സ്വാഗതം ആശംസിക്കുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ (സീനിയർ വിഭാഗം), വിനോദ് എസ് (മിഡിൽ വിഭാഗം) എന്നിവർ ഭാരവാഹികളുടെ ലിസ്റ്റ് വായിച്ചു. സ്‌കൂൾ അധികൃതർ ബാഡ്ജുകൾ പിൻ ചെയ്ത് പതാക ഹെഡ് ബോയ്ക്ക് കൈമാറി. പുതിയ സ്റ്റുഡന്റ് കൗൺസിലിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആനന്ദ് നായർ നന്ദി പറഞ്ഞു.