മനാമ: ബഹ്‌റൈൻ നാടകലോകത്തും, നാട്ടിലെ നാടക പ്രവർത്തകർക്കിടയിലും പ്രശസ്തനായിരുന്ന ദിനേശ് കുറ്റിയിലിന്റെ ഒന്നാം ചരമ വാർഷികത്തിൽ ഒരുമ പ്രവർത്തകർ അനുസ്മരണ ചടങ്ങ് നടത്തി. ജീവിതം കലക്കും നാടകത്തിനുമായി ഉഴിഞ്ഞു വെച്ച,അതിലുപരി പുതിയ നിരവധി നാടക പ്രവർത്തകരെ പരിശീലനത്തിലൂടെയും ക്യാമ്പുകളിലൂടെയും സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളതായി അനുസ്മര പ്രഭാഷണത്തിൽ ഒരുമ പ്രസിഡണ്ട് വിനീഷ് മടപ്പള്ളി ഓർമിച്ചു.

കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ നാടക പ്രവർത്തകർക്ക് ഉത്തേജന പ്രവർത്തനങ്ങളുമായി കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നാടകവണ്ടിയുമായി സഞ്ചരിക്കുമ്പോൾ കോവിഡ് പിടിപെട്ട് പിന്നീട് ആശുപത്രിയിൽ വെച്ച് മരിക്കുന്നത് വരെ നാടകം നെഞ്ചോട് ചേർത്ത് ജീവിച്ച കലാകാരനായിരുന്നു ദിനേശ് കുറ്റിയിൽ എന്ന് സെക്രട്ടറി സവിനേഷ് അനുസ്മരിച്ചു.രക്ഷാധികാരികളായ യു.കെ.ബാലൻ,പുഷ്പരാജ് എന്നിവരും,സജിത്ത് വെള്ളികുളങ്ങരയും സംസാരിച്ചു.
രബീഷ് നന്ദി പറഞ്ഞ ചടങ്ങിൽ ഒരുമ കുടുംബാംഗങ്ങളും പങ്കെടുത്തു .