മനാമ: സാമുദായിക ഐക്യത്തിനും ജനാധിപത്യ ഭദ്രതയ്ക്കും വേണ്ടി നിലകൊണ്ട മഹാനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.

കെഎംസിസി ബഹ്റൈൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ 'ആറ്റപൂ ഇല്ലാത്ത ഒരു വർഷം' എന്ന ശീർഷകത്തിൽ നടത്തിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ല പൂവ് പോലെ വിശുദ്ധമായ മനസ്സിന്റെ ഉടമ, എന്നാൽ തീരുമാനങ്ങൾക്ക് കാരിരുമ്പിന്റെ ശക്തി, അതായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഫൈസി പറഞ്ഞു.

ഒരേസമയം രാഷ്ട്രീയ പ്രസ്ഥാനത്തേയും മതസംഘടനയെയും നയിച്ച തങ്ങൾ തികഞ്ഞ മതേതര വാദിയും എല്ലാവരെയും ചേർത്തു പിടിച്ചു മുന്നോട്ട് പോയ
നക്ഷത്രവുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.

മുൻ പ്രസിഡന്റ് എസ് വി ജലീൽ, ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്നന്താനം, ഖത്തർ കെഎംസിസി നേതാവ് ഡോക്ടർ സമദ് എന്നിവർ സംസാരിച്ചു.
ശൈഖുനാ ചെറുമോത്ത് ഉസ്താദ് പ്രാർത്ഥന നടത്തി.

സംസ്ഥാന ഭാരവാഹികളായ കെ. പി. മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, ഗഫൂർ കൈപ്പമംഗലം, എ പി ഫൈസൽ, ഒ കെ കാസിം,റഫീഖ് തോട്ടക്കര, കെ കെ സി മുനീർ, ഷാജഹാൻ പരപ്പൻപൊയിൽ, ശരീഫ് വില്യപ്പള്ളി, എം എ റഹ്മാൻ, സലിം തളങ്കര, നിസാർ ഉസ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.

ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ സ്വാഗതവും, റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു.