- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സർവ്വകലാശാലയിൽ അമൃത് യുവ കലോത്സവ് 2021; നാളെ തുടങ്ങും; 30 ദേശീയ അവാർഡ് ജേതാക്കളുടെ കലാപ്രകടനങ്ങൾ;കാലടിയിൽ ഇനി കലയുടെ മൂന്ന് ദിനങ്ങൾ
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ 2021ലെ അവാർഡ് ജേതാക്കളായ പ്രതിഭകളുടെ കലാപ്രകടനങ്ങൾ (അമൃത് യുവ കലോത്സവ് 2021) ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ മാർച്ച് രണ്ട്, മൂന്ന്, നാല് തീയതികളിൽ നടക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കാലടി മുഖ്യക്യാമ്പസിലെ വിഹായസം ഓഡിറ്റോറിയം, കലാനിവേശം ഓപ്പൺ എയർ ഓഡിറ്റോറിയം, കൂത്തമ്പലം എന്നിവിടങ്ങളിലാണ് കലാപ്രകടനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുപ്പത് സംഗീത, നാടക, നൃത്ത കലാപ്രതിഭകളാണ് മൂന്ന് ദിവസങ്ങളിൽ സർവ്വകലാശാലയിൽ വിവിധ കലാപ്രകടനങ്ങൾ നടത്തുക. പൊതുജനങ്ങൾക്കും കലാപ്രകടനങ്ങൾ ആസ്വദിക്കുവാനും അവരുമായി സംവദിക്കുവാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
മാർച്ച് രണ്ടിന് രാവിലെ 10ന് പത്മശ്രീ കലാമണ്ഡലം ഗോപി അമൃത് യുവ കലോത്സവ് 2021 ഉദ്ഘാടനം ചെയ്യും. വിഹായസം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. കേന്ദ്ര സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ ഐ. ആർ. എസ്. മുഖ്യപ്രഭാഷണം നിർവ്വഹിക്കും. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, തിരുവനന്തപുരം എസ്. എൻ. എ. കൂടിയാട്ടം കലാകേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ പരമേശ്വരൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് രാവിലെ 11ന് ഉപ്പളാപ് നാഗമണി (മാൻഡോലിൻ), രമേഷ് ഷാ (നാടോടിസംഗീതം, ഉത്തരാഖണ്ഡ്), അവിജിത്ത് ദാസ് (കുച്ചിപ്പുടി) എന്നിവർ പരിപാടികൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജാനകി മിഠായിവാല (ഹിന്ദുസ്ഥാനി വോക്കൽ മ്യൂസിക്), കെ. എസ്. വിഷ്ണു ദേവ് (കർണാട്ടിക് വോക്കൽ മ്യൂസിക്), അനന്ത ആർ. കൃഷ്ണൻ (കണ്ടമ്പററി മ്യൂസിക്), അസിൻ ഖാൻ (നാടോടി സംഗീതം, രാജസ്ഥാൻ), ജി. ചന്ദ്രശേഖര ശർമ്മ (കർണാടിക് ഇൻസ്ട്രമെന്റൽ-ഘടം), രുദ്ര ശങ്കർ മിശ്ര (കഥക്), ഇ. എസ്. ആദിത്യൻ (കഥകളി), ഇഷിത ചക്രവർത്തി സിങ് (നാടകം) എന്നിവരുടെ കലാപ്രകടനങ്ങൾ നടക്കും.
മാർച്ച് മൂന്ന് വെള്ളിയാഴ്ച രാവിലെ 10ന് രജേഷ് പ്രസന്നയും, ഋഷഭ് പ്രസന്നയും ചേർന്ന് അവതരിപ്പിക്കുന്ന ഫ്‌ളൂട്ട് (ഹിന്ദുസ്ഥാനി ഇൻസ്ട്രുമെന്റ്), ഹസൻ അലി (ഡാൻസ് മ്യൂസിക്), പവിത്ര കൃഷ്ണഭട്ട് (ഭരതനാട്യം), വൈശാലി യാദവ് (തമാശ, മഹാരാഷ്ട്ര) എന്നിവർ പരിപാടികൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കൂത്തമ്പലത്തിൽ പാരമ്പര്യകലകളും സമകാലീക സംസ്‌കാരവും എന്ന വിഷയത്തിൽ നടക്കുന്ന ശില്പശാലയിൽ ഡോ. കെ. ജി. പൗലോസ് അധ്യക്ഷനായിരിക്കും. ഡോ. അഭിലാഷ് പിള്ള, ഡോ. സുനിൽ പി. ഇളയിടം എന്നിവർ പ്രസംഗിക്കും. വൈകിട്ട് നാലിന് വിഹായസം ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാപരിപാടികളിൽ പി. സുരേഷ് (നാടോടി സംഗീതം), സുനിൽ സുങ്കാര (കഥക്), വി. ദുർഗദേവി (ഭാഗവതം തിയറ്റർ), കൈലാശ് കുമാർ (സംവിധാനം) എന്നിവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് കലാനിവേശം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഹിമാൻശു ദ്വിവേദിയുടെ (സംവിധാനം) കലാപ്രകടനം നടക്കും.
മാർച്ച് നാലിന് ശനിയാഴ്ച രാവിലെ 10.30ന് വിഹായസം ഓഡിറ്റോറിയത്തിൽ ജ്ഞാനേശ്വർ ആർ, ദേശ്മുഖ് (ഹിന്ദുസ്ഥാനി ഇൻസ്ട്രമെന്റൽ മ്യൂസിക് - പഖവാങ്ക്), ഒലി ജെറാംഗ് (നാടോടിസംഗീതവും നൃത്തവും, അരുണാചൽപ്രദേശ്), ബിനോദ് കുമാർ മഹോ (നാടോടിനൃത്തം, ജാർഖണ്ഡ്), ഭാഷ സുംബ്‌ളി (സംവിധാനം) എന്നിവരുടെ കലാപരിപാടികളും ഉച്ചകഴിഞ്ഞ് മൂന്നിന് വിനോദ് കെവിൻ ബച്ചൻ (ഒഡീസ്സി), പുരാൻ സിങ് (നാടോടി സംഗീതം, ഉത്തരാഖണ്ഡ്), ലിതൻ ദാസ് (പാരമ്പര്യ പാവ നിർമ്മാണം, തൃപുര) എന്നിവരും പരിപാടികൾ അവതരിപ്പിക്കും. വൈകിട്ട് ആറിന് സ്വാതി വിശ്വകർമ്മയുടെ നാടകം നടക്കും. ഏഴിന് കലാനിവേശം ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ റൂബി ഖാത്തൂൺ (അഭിനയം) അവതരിപ്പിക്കുന്ന നാടകത്തോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികൾ അവസാനിക്കും.