- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളും പഠനവും. പ്രവാസി വെൽഫെയർ എക്‌സ്‌പെർട്ട് ടോക്ക് സംഘടിപ്പിച്ചു
മനാമ: കുട്ടികൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലാണ് സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന തലമുറ രൂപപ്പെടുക എന്ന് പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേറ്റഡ് സ്പീക്കറുമായ സി വി ഖലീലുറഹ്‌മാൻ പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം ബഹറൈനിൽ എത്തിയ അദ്ദേഹം പ്രവാസി വെൽഫെയർ മെയ് ഫെസ്റ്റിനോട് അനുബന്ധിച്ച് പ്രവാസി സെന്ററിൽ സംഘടിപ്പിച്ച കുട്ടികളും പഠനവും എക്‌സ്‌പെർട്ട് ടോക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
കുട്ടികൾ പലപ്പോഴും അവരുടെ വൈകാരിക പ്രകടനങ്ങൾ മുതിർന്നവരിൽ നിന്നാണ് പഠിക്കുന്നത് എന്നതിനാൽ അവരുടെ വിഷമങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാൻ അവസരം ലഭിക്കുന്നത് അവർക്ക് ആശ്വാസം പകരും. ദേഷ്യം, സങ്കടം മുതലായ വികാരങ്ങൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ വീടകങ്ങളിൽ ഒരുക്കണം. കുട്ടികളുടെ വിശ്രമത്തിനും കളികൾക്കും വീട്ടിൽ തന്നെ അവസരം ഒരുക്കുകയും രക്ഷാകർത്താക്കൾ കൂടെ കൂടുകയും വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു മുതൽ 11 വരെയുള്ള പ്രായത്തിലാണു കുട്ടികളുടെ പഠനവും സ്വഭാവവും അടിസ്ഥാനപരമായി രൂപപ്പെടുന്നത്. മസ്തിഷ്‌ക്കത്തിനു പക്വത പ്രാപിക്കുന്ന ഈ ഘട്ടത്തിൽ മനസിൽ രൂപപ്പെടുന്നതു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും. വായിക്കാനും പഠിക്കാനും മാനസികമായി തയാറാകുന്നതിനുള്ള പരിശീലനം കുട്ടിക്കു കിട്ടണം. അനുഭവങ്ങളും പ്രവൃത്തിപരിചയവും നേടാൻ സഹായിക്കുന്ന പരിശീലനത്തിനായി പ്രകൃതിയെ നിരീക്ഷിക്കാൻ അവസരമൊരുക്കുകയും പലതരം കളികൾ, കളറിങ്, കൂട്ടുകൂടൽ, പങ്കുവയ്ക്കൽ തുടങ്ങിയവയ്ക്ക് മാതാപിതാക്കൾ അവസരം ഉണ്ടാക്കുകയും വേണം.
കുട്ടികളുടെ മനോനില പരിഗണിക്കുന്ന വൈകാരിക വിദ്യാഭ്യാസവും കുട്ടികളുമായി ചേർന്ന് നിൽക്കലും കരുതലിന്റെയും വിശ്വസ്തതയുടെയും ആശ്വാസം പകരലും കരിക്കുലത്തിന്റെ ഭാഗമാക്കണം എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച എക്‌സ്‌പേർട്ട് ടോക്കിൽ ജനറൽ സെക്രട്ടറി സി എം മുഹമ്മദ് അലി സ്വാഗതവും റാഷിദ് കോട്ടയ്ക്കൽ നന്ദിയും പറഞ്ഞു.