ബഹറിനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ഫ്രറ്റർനിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ് ബഹറിൻ) ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടത്തിയ കുടുംബ സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഘടനാ പ്രസിഡന്റ് ശ്രീ വിവേക് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സിനിമ നടി ശ്രീമതി ജയ മേനോൻ മുഖ്യ അതിഥിയായി. ബഹറിൻ സന്ദർശിച്ചുകൊണ്ടിരിക്കുന്ന എറണാകുളം സ്വദേശിയായ മ്യൂസിക് ഡയറക്ടർ ശ്രീ. രാജു രാജൻ പിറവം വിശിഷ്ടാതിഥിയുമായി. സെക്രട്ടറി സ്റ്റീവൻസൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അംഗങ്ങൾക്ക് വിശദീകരിച്ചു.

പൊതുയോഗത്തിൽ വച്ച് സംഘടനയിൽപ്പെട്ട 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ കുടുംബങ്ങളിൽ പെട്ടവരുടെ ജന്മദിനങ്ങളും വെഡിങ് ആനിവേഴ്‌സറികളും കേക്ക് മുറിച്ച് ആഘോഷിച്ചു. ചടങ്ങിൽ വെച്ച് സംഘടനയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ മെമ്പർഷിപ്പ് സെക്രട്ടറി ശ്രീ. പ്രശാന്ത് തുടക്കം കുറിച്ചു. പ്രസ്തുത കുടുംബയോഗത്തിൽ പുതിയ ഭരണസമിതിയെയും വനിതാ വേദിയെയും ചിൽഡ്രൻസ് വിങ്ങിനെയും കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തി. തുടർന്ന് നിരവധിയായ കലാപരിപാടികൾ അരങ്ങേറി. വൈസ് പ്രസിഡണ്ട് ശ്രീ. റോയ് സെബാസ്റ്റ്യൻ നന്ദി അർപ്പിച്ച ചടങ്ങ് കോർ ഗ്രൂപ്പ് കൺവീനർ ശ്രീ. ആൾഡ്രിൻ, മറ്റ് ഭരണസമിതിയിലെയും കോർ ഗ്രൂപ്പിലെയും അംഗങ്ങൾ നേതൃത്വം കൊടുത്തു. വിദ്യാ പ്രശാന്ത്, സുനിത വിവേക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.