- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
മനാമ:ഇന്ത്യൻ സ്‌കൂളിൽ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് നേട്ടങ്ങൾക്ക് അഭിനന്ദിക്കുന്നതിനായി വ്യാഴാഴ്ച അക്കാദമിക് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. 2022-2023 അധ്യയന വർഷത്തിലെ മികച്ച പ്രകടനത്തിന് 275ഓളം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ഇസ ടൗൺ കാമ്പസിലെ ജഷന്മാൽ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ അക്കാദമിക് രംഗത്തെ മികച്ച പ്രകടനത്തെ യും വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ചു. ഇന്ത്യൻ സ്‌കൂൾ അവരുടെ മികവിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം മാതൃകാപരമായി നൽകുന്നതിന് അശ്രാന്ത പരിശ്രമം നടത്തുന്ന ഇന്ത്യൻ സ്‌കൂളിനെ രവികുമാർ ജെയിൻ അഭിനന്ദിച്ചു.
എ വൺ വിജയികളെ അനുമോദിച്ചുകൊണ്ട് പ്രിൻസ് എസ് നടരാജൻ നടത്തിയ പ്രസംഗത്തിൽ വിദ്യാർത്ഥികളുടെ ഉജ്ജ്വല നേട്ടത്തെ അഭിനന്ദിച്ചു. ഓരോ പഠന വിഷയത്തിനും അതിന്റേതായ സാധ്യതകൾ ഉണ്ടെന്നും രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ താൽപര്യം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവരെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസ് നടരാജൻ മുഖ്യാതിഥിക്ക് മെമന്റോ സമ്മാനിച്ചു.പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളുടെ കഠിനാധ്വാനം, അദ്ധ്യാപകരുടെ പ്രതിബദ്ധത, രക്ഷിതാക്കളുടെ സഹകരണം, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പിന്തുണ,എന്നിവ വിജയത്തിന്റെ ഘടകങ്ങളാണെന്നു അദ്ദേഹം പറഞ്ഞു. മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ വിനോദ് എസ് നന്ദി പറഞ്ഞു.
നേരത്തെ ദേശീയ ഗാനാലാപനത്തിനും വിശുദ്ധ ഖുർആൻ പാരായണത്തിനും ശേഷം ദീപം തെളിച്ചതോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രാർത്ഥനയും പ്രാർത്ഥനാ നൃത്തവും നടന്നു. മധ്യവിഭാഗത്തിലെ വിദ്യാർത്ഥികൾ സിനിമാറ്റിക് ഡാൻസും അറബിക് നൃത്തവും അവതരിപ്പിച്ചു.ജേതാക്കൾക്ക് മുഖ്യാതിഥിയും സ്‌കൂൾ അധികൃതരും ചേർന്ന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.