- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023: ക്രിക്കറ്റ് ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം
മനാമ:ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ ഫ്‌ളഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ ലീഗ് റൗണ്ടിന് ആവേശകരമായ തുടക്കം. ഇസ ടൗണിലെ ഗ്രൗണ്ടിൽ ആരംഭിച്ച ഐ.എസ്. ബി കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായ ക്രിക്കറ്റ് മത്സരത്തിൽ 40 ടീമുകളാണ് പങ്കെടുക്കുന്നത്.
5 ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായി തിരിച്ച് ഈ ടീമുകൾ ലീഗ് റൗണ്ടിൽ മത്സരിക്കുന്നു. ഗ്രൂപ്പ് എയിൽ രണ്ടു പോയിന്റുമായി ഭാരതി തമിഴ് സംഘം എ ടീം മുന്നിൽ നിൽക്കുന്നു. ഗ്രൂപ്പ് ബിയിൽ ഷഹീൻ ഗ്രൂപ്പ് എ ടീമും സഹർ ഓട്ടോ പാർട്സും ഗ്രൂപ്പ് ഡിയിൽ അസ്രി ലയൺസും രണ്ടു പോയിന്റുമായി മുന്നിൽ നിൽക്കുന്നു. ഗ്രൂപ്പ് ഇയിൽ പിസിഡി മാവെറിക്‌സ് രണ്ടു പോയിന്റുമായി മുന്നിലാണ്.
ഗ്രൂപ്പ് എഫിൽ, ഷഹീൻ ഗ്രൂപ്പ് ബി ടീമും ജയ് കർണാടക സ്മാർട്ട് സിസിയും രണ്ടു പോയിന്റുമായി ആധിപത്യം പുലർത്തുമ്പോൾ, ഗ്രൂപ്പ് ജിയിൽ രണ്ടു പോയിന്റുമായി പാക്റ്റ്-ബ്ലൂ മുന്നിലാണ്. ബാറ്റർമാരിൽ 307.69 സ്ട്രൈക്ക് റേറ്റോടെ 40 റൺസുമായി പിസിഡി മാവെറിക്സിന്റെ വിവേക് സോമൻ നായരാണ് മുന്നിൽ. 27 റൺസുമായി പാക്റ്റ്-ബ്ലൂവിന്റെ ശ്യാംകുമാർ രണ്ടാമതാണ്. മൂന്ന് വിക്കറ്റുമായി റഹീം മൊയ്തീനാണ് (ഐവൈസിസി അവഞ്ചേഴ്സ്) വിക്കറ്റു വേട്ടയിൽ മുന്നിൽ. ജൂൺ 15, 16, 17 തീയതികളിൽ നടന്ന ലീഗ് റൗണ്ട് മത്സരങ്ങൾ വരും ആഴ്ചകളിലും തുടരും.
മത്സരങ്ങൾക്കു അന്തിമരൂപം നൽകാൻ ജഷന്മൽ ഓഡിറ്റോറിയത്തിൽ ക്യാപ്റ്റന്മാരുടെ യോഗം ചേർന്നു.സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗം -സ്പോർട്സ് രാജേഷ് എം എൻ, സംഘാടക സമിതി ജനറൽ കൺവീനർ തൗഫീഖ് എന്നിവർ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാർക്കൊപ്പം പങ്കെടുത്തു.
ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ പൗരന്മാർക്കായി ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി ചേർന്നാണ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഫുട്ബോൾ, വോളിബോൾ, വടംവലി, കബഡി, അത്ലറ്റിക്സ് എന്നിവയുൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളും വരും ആഴ്ചകളിൽ നടക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് . സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ നേട്ടങ്ങളുടെ മഹത്തായ ചരിത്രത്തെ അനുസ്മരിക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവം. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ കായിക മത്സരം സംഘടിപ്പിക്കുന്നത്. നേരത്തെ ഇന്ത്യൻ സ്‌കൂൾ കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി മെയ് 13, 14, 15 തീയതികളിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ചതുരംഗ (ചെസ്) ടൂർണമെന്റ് നടത്തിയിരുന്നു.