- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളം: പ്രതിഷേധ ജ്വാലയായ് പ്രവാസി ബഹുജന സംഗമം
മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയ്‌ക്കെതിരെ സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ പ്രവാസികളുടെ പ്രതിഷേധവും രോഷവും പ്രതിഫലിക്കുന്ന സംഗമമായി മാറി.
രാജ്യത്തെ മെട്രോനഗരങ്ങളിലെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും അമ്പരപ്പിച്ച കണ്ണൂർ വിമാനത്താവളം രാജ്യത്തെ മറ്റുപല
വിമാനത്താവളങ്ങളെയും പോലെ ആഭ്യന്തര സർവീസുകൾ നടത്തിയതിന് ശേഷമല്ല രാജ്യാന്തര വിമാനമിറങ്ങാൻ അനുമതി ലഭിച്ചത്.
ആദ്യ സർവീസ് തന്നെ രാജ്യാന്തര സർവീസായിരുന്നു. 50 പ്രതിദിന സർവീസുകളും ആഴ്ചയിൽ 65 അന്താരാഷ്ട്ര സർവീസുകളും നടത്തുകയും 2021 ഓഗസ്റ്റ് സെപ്റ്റംബര് മാസങ്ങളിൽ ഏറ്റവുമധികം അന്തരാഷ്ട്ര യാത്രക്കാർ ഉപയോഗിച്ച ഇന്ത്യയിലെ ആദ്യ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുവാനും കണ്ണൂർ വിമാനത്താവളത്തിന് സാധിച്ചു.
കോവിഡ് ഭീതി പരത്തിയ നാളുകളിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശ വിമാനങ്ങൾ കൂട്ടത്തോടെയെത്തിയ കണ്ണൂർ വിമാനത്താവളത്തിൽ എയർബസ് A330, ബോയിങ് 777 എന്നീ വൈഡ് ബോഡി വിമാനങ്ങളും പലവട്ടം കണ്ണൂരിലിറങ്ങി.
ഇത്രയധികം സൗകര്യവും, വിസ്തൃതിയും, വിശാലതയും, സാധ്യതകളും ഉള്ള കണ്ണൂർ വിമാനത്താവളത്തിനെ ബോധപൂർവം നശിപ്പിക്കുകയാണ് എന്ന് സംഗമത്തിൽ വിമർശനമുയർന്നു. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. യാത്രാ പ്രതിസന്ധിയും ചരക്കു നീക്കവും പ്രതിസന്ധിയിലായത് കാരണമാണ് വിമാനത്താവളം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. വിദേശ വിമാന സർവീസുകൾ അനുവദിക്കുന്നതിന് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ മുഴുവൻ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും പിന്തുണയോടെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം എന്നും സംഗമത്തിൽ ആവശ്യമുയർന്നു. സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച പ്രതിനിധികൾ കൂട്ടായ്മക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖിന്റെ അധ്യക്ഷതയിൽ ബഹ്‌റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷനിൽ സാനിപോൾ വിഷയാവതരണം നടത്തി. ഫ്രാൻസിസ് കൈതാരത്ത് ഐക്യദാർഢ്യ പ്രമേയവും ബദറുദ്ദീൻ പൂവാർ ഭാവി പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, സാമൂഹിക പ്രവർത്തകരായ മോനി ഒടിക്കണ്ടത്തിൽ, അസീൽ അബ്ദുൽ റഹ്മാൻ, എം ടി വിനോദ് (കണ്ണൂർ പ്രവാസി അസോസിയേഷൻ), അജിത്ത് കുമാർ (കണ്ണൂർ സർഗവേദി), ബേബി ഗണേശ് (കണ്ണൂർ എക്‌സ്പാറ്റ്), വിനു ക്രിസ്റ്റി (കെ.സി.എ), സുഹൈൽ (നവകേരള), രമേശ് (രാമന്തളിക്കാർ), സിറാജ് മഹമൂദ് (വോയ്സ് ഓഫ് മാമ്പ), സി.എച് അഷ്റഫ് (ഐ.സി. എഫ്), പ്രവീൺ കൃഷ്ണ (ബി.എം.സി), അഷ്‌റഫ് (തിരൂർ കൂട്ടായ്മ), കണ്ണൂർ സിറ്റി കൂട്ടായ്മ, ഒപ്പരം കൂട്ടായ്മ, ടിഎംസിഎ, തലശ്ശേരി - മാഹി കൾച്ചറൽ അസോസിയേഷൻ, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, സേവ് കണ്ണൂർ എയർപോർട്ട് വൈസ് ചെയർമാൻ നജീബ് കടലായി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇ.വി. രാജീവ്, രാജീവ് വെള്ളിക്കോത്ത്, മജീദ് തണൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സേവ് കണ്ണൂർ എയർപോർട്ട് വൈസ് ചെയർമാൻ കെ.ടി. സലിം നിയന്ത്രിച്ച സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷനിൽ എക്‌സിക്യൂട്ടീവ് അംഗം രാമത്ത് ഹരിദാസ് സ്വാഗതവും അമൽദേവ് നന്ദിയും രേഖപ്പെടുത്തി.Z