മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജം അനുശോചനം രേഖപ്പെടുത്തുന്നു എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത,കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയമായ മുഖമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്.

ബഹ്‌റൈൻ കേരളീയ സമാജവുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുകയും ബഹ്‌റൈനിൽ വന്നിട്ടുള്ള അവസരങ്ങളിലെല്ലാം താത്പര്യപൂർവ്വം സമാജം സന്ദർശിക്കുകയും ചെയ്തിട്ടുള്ള നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.പൊതുസേവനത്തിനും ജനപങ്കാളിത്തതോടെയുള്ള ഭരണത്തിനും ഐക്യരാഷ്ട്രസഭ ഏർപ്പെടുത്തിയ പുരസ്‌കാരം സ്വീകരിക്കാൻ ബഹ്‌റൈനിൽ എത്തിയ സന്ദർഭത്തിൽ സമാജം അദ്ദേഹത്തിന് വിപുലമായ സ്വീകരണം ഒരുക്കിയിരുന്നു.

വിദേശ രാജ്യത്ത് ആദ്യമായി മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനിൽ തുടക്കം കുറിച്ചതും കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് അമേച്വർ നാടക മത്സരം സംഘടിപ്പിക്കപ്പെട്ടതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു. അരനൂറ്റാണ്ടിലേറെ, ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്ന പൊതുപ്രവർത്തകൻ നിലയിലും മികച്ച ഭരണാധികാരി എന്ന നിലയിലും പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു