മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരുക്കിയ 'റഫിനൈറ്റ്'ബഹ്റൈനിലെ സംഗീത പ്രേമികൾ ക്ക് നവ്യാനുഭവമായി മാറി.

അനശ്വരമായഒട്ടേറെ ഗാനങ്ങൾ ഇന്ത്യൻ സംഗീത ലോകത്തിന് സമ്മാനിച്ചഅനുഗ്രഹീത ഗായകൻ മുഹമ്മദ് റഫി നമ്മെ വിട്ടുപിരിഞ്ഞിട്ട് 43 വർഷങ്ങൾ പിന്നിടുന്ന ഈ ഘട്ടത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നതിനായാണ് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 'റഫി നൈറ്റ്' സംഘടിപ്പിച്ചത് .

വിശ്വപ്രതിഭ മുഹമ്മദ് റാഫി ആലപിച്ച അവിസ്മരണീയമായ ഗാനങ്ങൾ സൗദിയിൽ നിന്നുള്ള പ്രശസ്ത ഗായകൻ കുഞ്ഞിമുഹമ്മദ് മാനന്തവാടി, ബഹ്റൈനിലെ പ്രശസ്ത ഗായകരായ രവിദാസ് ഡൽഹി, നിത്യ റോഷിത്ത്, മുസ്തഫ കുന്നുമ്മൽ, ധന്യ രാഹുൽ, കിഷൻ തുടങ്ങിയവർ 'റഫി നൈറ്റിൽ' ആലപിച്ചു.

മുഹമ്മദ് റഫിയുടെ ആരാധകരായ ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേർ 'റഫി നൈറ്റ് ' ആസ്വദിക്കുന്നതിനായി എത്തി ചേർന്നിരുന്നു.റഫീക്ക് വടകരയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ മ്യൂസിക് സിറ്റിയുടെ കലാകാരന്മാരുടെ ഓർക്കസ്ട്ര ടീം 'റഫി നൈറ്റ് ' അവിസ്മരണീയമാക്കി.ഗായകരെയും, ഓർക്കസ്ട്ര ടീമംഗ ങ്ങളെയും ചടങ്ങിൽ ആദരിച്ചു.
പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മുൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.