മനാമ: നയന മനോഹര പരിപാടികളോടെ ഷിഫ അൽ ജസീറ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ടുകൾ, തിരുവാതിരിക്കളി, വിവിധ ഓണക്കളികൾ, വടംവലി തുടങ്ങിയവ ആഘോഷത്തിന് ആരവവും ആവേശവും പകർന്നു.

പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ആഘോഷത്തെ വരവേറ്റു. സ്പെഷ്യലിസ്റ്റ് ഇന്റേണിസ്റ്റ് ഡോ. ഡേവിസ് കുഞ്ഞിപ്പാലു ഗൃഹാതുരത്വം ഉണർത്തുന്ന ഓണപ്പാട്ടുകളുമായി വേദിയിൽ എത്തി. സ്പെഷ്യലിസ്റ്റ് ഓർത്തോ പീഡിക് സർജൻ ഡോ. ടാറ്റാ റാവു ബോളിവിഡ് ഹിറ്റുകളും ആലപിച്ചു. കേരള തനിമയാർന്ന ചടുലമായ ചുവടുകളുാമയി ജീവനക്കാർ അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷത്തിന് മാറ്റു കൂട്ടി. സുന്ദരിക്ക് ഒരു പൊട്ട്, സാരി ഡ്രാപ്പിങ്, ലെമൺ-സ്പൂൺ റെയ്സ്, ബലൂൺ പൊട്ടിക്കൽ, ചാക്കിലോട്ടം, ഉറിയടി, കസേരക്കളി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി.

വീറും വാശിയും നിറഞ്ഞ വടം വലി മത്സരത്തിൽ ഡോക്ടർമാരുടെ ടീമും രണ്ട് വനിതാ ടീമുകളും ഉൾപ്പെടെ എട്ടു ടീമുകൾ മാറ്റുരച്ചു. മത്സരത്തിൽ പുരുഷ വിഭാഗത്തിൽ റിസ്പ്ഷനിസ്റ്റ് ടീമും വനിതാ വിഭാഗത്തിൽ നഴ്സിങ് ടീമും വിജയിച്ചു.ഷിഫ അൽ ജസീറ ഹോസ്പിറ്റലിന്റെ താഴത്തെ നിലയിൽ ഒരുക്കിയ ആകർഷകമായ പൂക്കളം നിരവധി പേരെ ആകർഷിച്ചു.
ആഘോഷങ്ങൾക്ക് സമാപനമായി ജീവക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി.

സിഇഒ ഹബീബ് റഹ്മാൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. സായ് ഗിരിധർ, മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ ഗരീബ്, മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റർ ഡോ. ഷംനാദ് മജീദ്, ഡോക്ടർമാർ, മാനേജർമാർ, ജീവനക്കാർ എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു.