- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18-ാമത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു: പുരസ്കാരദാനം ശനിയാഴ്ച ബഹ്റിനിൽ
ബംഗ്ലൂരു (27.11.2023): 2023 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ തോമസ് മൊട്ടക്കൽ- യു എസ് എ, മുഹമ്മദ് എം - ബഹറിൻ, ഹരികൃഷ്ണൻ മടിയൻ- ഗിനിയ, താഹിറ കല്ലുമുറിക്കൽ - അബുദാബി, സെബാസ്റ്റ്യൻ തോമസ്- ഗോവ എന്നിവർക്കും മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനക്കുള്ള പുരസ്‌കാരം സാന്ത്വനം കുവൈറ്റിനും സമ്മാനിക്കും. ബഹ്റിൻ മനാമയിലെ ക്രൗൺ പ്ലാസാ കൺവൻഷൻ സെന്ററിൽ ശനിയാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന ചടങ്ങിൽ 18-ാമത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. 17 രാജ്യങ്ങളിൽ നിന്നെത്തുന്ന നൂറോളം പ്രതിനിധികൾ പുരസ്‌കാര ദാനചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യൻ വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരുന്ന തോമസ് മൊട്ടക്കൽ അമേരിക്ക ആസ്ഥാനമായ തോമാർ ഗ്രൂപ്പിന്റെ ചെയർമാനും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റുമാണ്. ഏറ്റവും കൂടുതൽ മലയാളികൾക്ക് അമേരിക്കയിൽ തൊഴിൽ നൽകുന്ന ഐ ടി ഇതര സ്ഥാപനങ്ങളിൽ ഒന്നാണ് തോമാർ ഗ്രൂപ്പ്.
1977 ൽ നിർമ്മാണത്തൊഴിലാളിയായി ബെഹ്‌ററൈനിൽ എത്തിയ കണ്ണൂർ സ്വദേശിയായ മുഹമ്മദ് പിന്നീട് ബഹ്റൈൻ കോസ്‌റ് ഗാർഡ് സേനയിൽ 35 വർഷം സേവനം അനുഷ്ടിച്ചു. സേനയിലെ സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരമായി ബഹ്റൈൻ പൗരത്വം നൽകി മുഹമ്മദിനെ രാജ്യം ആദരിച്ചു.
പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയയിലെ സാധ്യതകൾ മുന്നിൽകണ്ട് നൂതന ആശയങ്ങൾ അവതരിപ്പിച്ച ഹരികൃഷ്ണൻ, ഗിനിയ സർക്കാരിന്റെ സഹകരണത്തോടെ നിരവധി പദ്ധതികൾ ഗിനിയയിൽ നടപ്പിലാക്കിവരുന്നു.
ഗൾഫിലെ എണ്ണം കുറഞ്ഞ വനിതാ സാമൂഹ്യ പ്രവർത്തകരിൽ ഒരാളാണ് താഹിറ കല്ലുമുറിക്കൽ. എഴുത്തുകാരിയായ താഹിറ അബുദാബിയിലെ പ്രശസ്ത ഓഡിയോളജിസ്റ്റ് കൂടിയാണ്.
നിരവധി മേഖലകളിലെ തൊഴിൽ വൈദഗ്ത്യവുമായി ബിസിനസിലേക്കു കടന്നുവന്ന സെബാസ്റ്റ്യൻ തോമസ് കയറ്റുമതി ലക്ഷ്യമാക്കി ഗോവയിൽ പ്രവർത്തിക്കുന്ന ബയോമെഡ് ഇൻഗ്രീഡിയെന്റ്സിന്റെ സ്ഥാപക ചെയർമാനാണ്.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയർത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. ഇതുവരെ 90 പ്രവാസി മലയാളികളെയും 16 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്‌കാര ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.