മനാമ: കെ.എം.സി.സി ബഹറൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലൈ 21 മുതല്‍ ആഗസ്ത് 16 വരെ മനാമ കെ.എം.സി.സി ഹാളില്‍ വെച്ച് നടക്കും. രാവിലെ 8.00 മണി മുതല്‍ ഉച്ചക്ക് 1.00 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.ഏഴു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

വ്യക്തിത്വ വികസനം, നേതൃപാടവം, ലൈഫ് സ്‌കില്‍സ്, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, ഫസ്റ്റ് എയ്ഡ്, ട്രോമാ കെയര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്യൂചര്‍ വേള്‍ഡ്, എന്‍ട്രപ്രണര്‍ഷിപ്പ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ട്രെയിനിംഗ് സെഷനുകള്‍ നടക്കും. ക്യാമ്പിന്റെ ഭാഗമായി ശില്പശാലകള്‍, ആര്‍ട്‌സ് ഫെസ്റ്റ്, സ്‌പോര്‍ട്‌സ് മീറ്റ്, ഗെയിംസ്, പ്രായോഗിക പരിശീലനം, മത്സരങ്ങള്‍, മിനി എക്‌സ്‌പോ ടാലന്റ് ടെസ്റ്റ്, ഫാമിലി മീറ്റ് എന്നിവ സംഘടിപ്പിക്കും. ക്യാമ്പിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും.

ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ പരിശീലകരായ നബീല്‍ മുഹമ്മദ്, യഹ്യ മുബാറക് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ജൂലൈ 20 ശനിയാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെഎംസിസി സ്റ്റേറ്റ് നേതാക്കള്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കും എന്നും മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു .

സമ്മര്‍ ക്യാമ്പിനു കുട്ടികളെ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്ന രക്ഷിതാക്കള്‍ 33674020,33165242,36061310 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം ,ജില്ലാ പ്രസിഡണ്ട് ഇക്ബാല്‍ താനൂര്‍ , ആക്ടിങ് ജനറല്‍ സെക്രട്ടറി വി കെ റിയാസ് , മറ്റ് ഭാരവാഹികളായ ഉമ്മര്‍ കൂട്ടിലങ്ങാടി , മുജീബ് ആഡ്വവെല്‍, നൗഷാദ് മുനീര്‍ , കെ ആര്‍ ശിഹാബ് എന്നിവര്‍ അറിയിച്ചു .