മനാമ: ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച കലാമത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മധുമിത നടരാജൻ മൂന്നാം സമ്മാനം നേടി. ലോകാരോഗ്യ സംഘടന അവരുടെ ബഹ്റൈൻ കൺട്രി ഓഫീസ് വഴിയാണ് കലാമത്സരം നടത്തിയത്. 14-15 പ്രായവിഭാഗത്തിനുള്ള മത്സരത്തിലാണ് ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മധുമിത സമ്മാനം നേടിയത്. മാതാപിതാക്കളായ വി നടരാജൻ, സ്വപ്നപ്രത നടരാജൻ, ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ലോകാരോഗ്യ സംഘടന ബഹ്റൈൻ കൺട്രി ഓഫീസിൽ വെച്ച് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി മധുമിതയെ ആദരിച്ചു.

പുകവലിക്കെതിരായ പദ്ധതികളും നയങ്ങളും അനുസൃതമായി, പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുകയാണ് മത്സരം ലക്ഷ്യമിടുന്നത്. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ വിഭാഗം അക്കാദമിക് അഡ്‌മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, പ്രധാന അദ്ധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ സ്‌കൂൾ അധികൃതർ മധുമിതയെ അനുമോദിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അന്താരാഷ്ട്ര മത്സരത്തിലെ ഈ നേട്ടത്തിന് മധുമിത നടരാജനെ അഭിനന്ദിച്ചു.