- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ബഹ്റൈൻ ഒരുങ്ങി; നാല് ദിവസത്തെ സന്ദർശനത്തിനായി പോപ്പ് ഫ്രാൻസിസ് ഇന്നെത്തും
നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ക്ഷണ പ്രകാരമുള്ള മാർപാപ്പയുടെ ബഹ്റൈൻ പര്യടനം ഈ മാസം ആറു വരെ തുടരും. ബഹ്റൈൻ ഡയലോഗ് ഫോറത്തിലും മാർപാപ്പ പങ്കെടുക്കും.
സഹകരണത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമാണ് ബഹ്റൈൻ ഉയർത്തിപ്പിടിക്കുന്നതെന്നും സഹവർത്തിത്വത്തിലൂന്നിയ നയനിലപാടുകൾ കൂടുതൽ ശക്തമാക്കുന്നതിന് പോപ്പിന്റെ സന്ദർശനം ഉപകരിക്കുമെന്നും ബഹ്റൈൻ കാബിനറ്റ് യോഗം വിലയിരുത്തി. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സമാധാനം കരുപ്പിടിപ്പിക്കുന്നതിനും ബഹ്റൈൻ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ യോഗം പോപ്പിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്തു.രാജ്യത്ത് ആദ്യമായി സന്ദർശനത്തിനെത്തുന്ന മാർപ്പാപ്പയെ സ്വീകരിക്കാൻ വിപുലമായ മുന്നൊരുക്കങ്ങളാണു നടന്നത്.
വ്യാഴാഴ്ച വൈകീട്ട് 4.45ന് സഖീർ എയർബേസിൽ എത്തിച്ചേരുന്ന മാർപാപ്പക്ക് ഔദ്യോഗിക സ്വീകരണം നൽകും. 5.30ന് സഖീർ പാലസിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തും. 6.10ന് സഖീർ പാലസ് മുറ്റത്ത് സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്ന മാർപ്പാപ്പ 6.30 ന് വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് 'കിഴക്കും പടിഞ്ഞാറും മനുഷ്യ സഹവർത്തിത്വത്തിന്' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മാർപാപ്പ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
സഖീർ റോയൽ പാലസ് അൽ ഫിദ സ്‌ക്വയറിലാണ് സമ്മേളനം ഒരുക്കുക. അൽ അസ്ഹർ ഗ്രാന്റ് ഇമാം ഡോ. അഹ്മദ് അത്ത്വയ്യിബ് അടക്കമുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് നാലിന് അൽ അസ്ഹർ ഗ്രാൻഡ് ഇമാമുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. 4.30ന് സഖീർ പാലസ് മോസ്‌കിൽ മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് അംഗങ്ങളുമായും 5.45ന് ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ ക്രൈസ്തവ സഭ പ്രതിനിധികളുമായും കൂടിക്കാഴ്ചകളും സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയും നടക്കും.
ശനിയാഴ്ച രാവിലെ 8.30ന് ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും. വൈകീട്ട് അഞ്ചിന് അദ്ദേഹം സേക്രഡ് ഹാർട്ട് സ്‌കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ചയും നടക്കും. ഞായറാഴ്ച രാവിലെ 9.30ന് മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം 12.30ന് സഖീർ എയർബേസിലായിരിക്കും മാർപാപ്പക്കുള്ള യാത്രയയപ്പ്. ഈ മാസം അഞ്ചിനു ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന കുർബാനയിൽ പങ്കെടുക്കാനായി bahrainpapalvisit.org എന്ന വെബ്സൈറ്റ് വഴിയുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണു.