മനാമ: സദാചാര മൂല്യങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫോർ സ്റ്റാർ ഹോട്ടലുകളിൽ ഡിസ്‌കോ നൃത്തങ്ങൾക്കും മറ്റ് വിനോദ പരിപാടികൾക്കും ബഹ്‌റിൻ സാംസ്‌കാരിക മന്ത്രാലയം വിലക്കേർപ്പെടുത്തി. രാജ്യത്തെ 28 ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് നിരോധനം ബാധകമാകും.

രാജ്യത്തെ മൂല്യസങ്കൽപങ്ങൾക്കും ഇസ്ലാമിക സംസ്‌കാരത്തിനും അന്യമായ പല ആഭാസകരമായ കാര്യങ്ങളും കലയുടെ പേരിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. ഹോട്ടലുകളിൽ സ്റ്റേജ് ഷോകൾ നൃത്തങ്ങൾ മറ്റ് വിനോദ പരിപാടികൾ എന്നിവ നടത്തരുതെന്നാണ് നിർദ്ദേശം. ഇതോടെ ഹോട്ടലുകളിലെ റഷ്യൻ ഇന്ത്യൻ തായ് നൃത്ത പരിപാടികൾക്ക് തിരശ്ശീല വീഴും. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

ഈ നടപടിയെ പണ്ഡിതന്മാരും പ്രഭാഷകരും സ്വാഗതം ചെയ്തുമന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളമാളുകൾ സോഷ്യൽ മീഡിയകളിലൂടെയും പ്രതികരണം അറിയിക്കുന്നുണ്ട്.

നേരത്തെ ടുസ്റ്റാർ ഹോട്ടലുകളിൽ മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കുകയും അതിന് വ്യാപകമായ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. ഹോട്ടൽ മേഖലയിലുള്ളവർ തീരുമാനം പുനഃപ്പരിശോധിക്കണമെന്നോ കൂടുതൽ സമയം അനുവദിക്കണമെന്നോ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അതിന് വഴങ്ങിയിരുന്നില്ല.