മനാമ: മറ്റ് അറബ് രാജ്യങ്ങളെ പോലെ തൊഴിൽ രംഗത്ത് ബഹ്‌റൈനിവത്കരണത്തിനുള്ള നടപടികളുമായി രാജ്യം മുന്നോട്ട്.ഉന്നത തസ്തികകളിൽ സ്വദേശിവത്കരണം ശക്തമാക്കാനാണ് രാജ്യം പദ്ധതിയിടുന്നത്.വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ നിർണായക പദവികളിൽ പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയത്തിൽ മേൽത്തട്ടിലും മധ്യതലത്തിലുമുള്ള ഭരണ നിർവഹണ പദവികളിൽ ബഹ്‌റൈനിവത്കരണം 90 ശതമാനത്തിൽ അധികമായെന്ന് മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് വെളിപ്പെടുത്തി. 2019 മുതൽ സൂപ്പർവൈസറി പദവികളിൽ 66 സ്വദേശികളെ നിയമിച്ചു. റോഡ് നിർമ്മാണം, കെട്ടിട നിർമ്മാണം, ശുചിത്വം, പാർക്കുകൾ തുടങ്ങി മന്ത്രാലയം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മേൽനോട്ട ചുമതല സ്വദേശികളെ ഏൽപിക്കുകയാണ് ലക്ഷ്യം.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിവിധ തസ്തികകളിൽ 2016 മുതൽ കഴിഞ്ഞവർഷം അവസാനം വരെ 1142 പ്രവാസികളുടെ കരാർ അവസാനിപ്പിച്ചതായി മന്ത്രി ഡോ. മജീദ് അൽ നുഐമി കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചിരുന്നു. ഇക്കാലയളവിൽ 3653 ബഹ്‌റൈനികളെ നിയമിക്കുകയും ചെയ്തു. 100 ശതമാനം ബഹ്‌റൈനിവത്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.