ണ്ണിന് വിരുന്നാണ് ബാഹുബലി 2 ദ കൺക്ലൂഷൻ എന്ന എസ്.എസ്. രാജമൗലി ചിത്രം. അതിഭാവുകത്വത്തിന്റെയും അവിശ്വസനീയതയുടെയും തലത്തിലാണെങ്കിലും, പ്രേക്ഷകനെ മടുപ്പിക്കാതെ കഥപറയുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതവരിപ്പിക്കുകയും ചെയ്തതാണ് സിനിമയുടെ വിജയം. പത്തുദിവസം കൊണ്ട് ആയിരം കോടി രൂപയിലേറെ കളക്റ്റ് ചെയ്ത് ലോകത്താകമാനം വൻവിജയം നേടിയെങ്കിലും രാജമൗലിയുടെ ഇതിഹാസ സിനിമയ്ക്ക് ചില പോരായ്മകളുണ്ടെന്ന് പറയാത വയ്യ.

പ്രേക്ഷകനെ അമാനുഷികമായ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുപോവുകയാണ് ബാഹുബലി ചെയ്യുന്നത്. അതിൽ യുക്തിയുടെ ലോകമില്ല. അതിഭാവുകത്വത്തിൽ പൊതിഞ്ഞാണ് ബാഹുബലിയും മറ്റു കഥാപാത്രങ്ങളും വരുന്നത്. മനംമയക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയ്‌ക്കൊപ്പം നടത്തുന്നു. എന്നാൽ, പ്രേക്ഷകന് ആ സിനിമയിൽനിന്ന് പുതിയതായി ഒന്നും കിട്ടുന്നില്ലെന്നത് ബാഹുബലി 2-ന്റെ പോരായ്മയാണ്.

എന്നാൽ, ആദ്യഭാഗം അങ്ങനെയായിരുന്നില്ല. മഹിഷ്മതി രാജ്യംമുതൽ എല്ലാം പുതുമയുള്ള കാഴ്ചകളായിരുന്നു. ഒാോ കഥാപാത്രവും പുതുമയുള്ള അനുഭവങ്ങളായിരുന്നു. അത്തരമൊരു അനുഭവം പകർന്നുതരാൻ രണ്ടാം ഭാഗത്തിനായിട്ടില്ല. ദേവസേനയുടെ രാജ്യമാണ് രണ്ടാം ഭാഗത്തിൽ പുതിയതായി വരുന്നത്. ആ കൊട്ടാരത്തിന്റെ ദൃശ്യങ്ങളിലും യുദ്ധതന്ത്രങ്ങളിലുമൊന്നും പുതുമയുള്ള യാതൊന്നുമില്ല.

അതിഗംഭീരമായ ദൃശ്യങ്ങളൊരുക്കുന്നതിലാണ് രാജമൗലിയുടെ വൈഭവം. ഒരു മായികലോകം നമുക്കുമുന്നിൽ സൃഷ്ടിക്കാൻ ബാഹുബലിയുടെ ആദ്യഭാഗത്തിന് സാധിച്ചിരുന്നു. അതിലെ ഓരോ ദൃശ്യങ്ങൾക്കും അത്ഭുതപ്പെടുത്തുന്ന എന്തോ ഒരു ചേരുവയുണ്ടായിരുന്നു. സീനുകളുടെ സൃഷ്ടിയിൽ സൂക്ഷ്മത പുലർത്തിയിട്ടുണ്ടെങ്കിലും, അത്ഭുതപ്പെടുത്തുന്ന ആ ചേരുവ രണ്ടാം ഭാഗത്തിൽ കൊണ്ടുവരാൻ രാജമൗലിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.

മാത്രമല്ല, പ്രമേയപരമായും രണ്ടാം ഭാഗം ദുർബലമാണ്. കട്ടപ്പ എന്തിന് ബാഹുബലിയെക്കൊന്നു എന്ന വലിയൊരു സസ്‌പെൻസാണ് രണ്ടാം ഭാഗത്തിലേക്ക് ഇത്രയേറെ ആളുകളെ ആകർഷിച്ചത്. അതിനോട് നീതിപുലർത്താവുന്ന ശക്തി രണ്ടാം ഭാഗത്തിനുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യഭാഗത്തിന് സസ്‌പെൻസിന്റെ ത്രില്ലുണ്ടായിരുന്നുവെങ്കിൽ, ധർമത്തെയും വിശ്വസ്തതയെയും ധീരതയെയും പ്രകീർത്തിക്കുന്ന രണ്ടാം ഭാഗത്തിന് പ്രമേയപരമായി അത്ര മുറുക്കമില്ല.

ഇതൊക്കെയാണെങ്കിലും, ബാഹുബലിയുടെ വിജയം രണ്ട് അഭിനേതാക്കളുടെ വിജയം കൂടിയാണെന്ന് കാണാതിരിക്കരുത്. നായകനായ പ്രഭാസും വില്ലനായ റാണ ദഗ്ഗുബാട്ടിയും അവരെ ശക്തമായ സ്ക്രീൻ സാന്നിധ്യത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. ഒരു നിമിഷംപോലും അവരിൽനിന്ന് കണ്ണെടുക്കാൻ നമുക്കാവില്ല.

ഓരോ സിനിമയും കണ്ടിറങ്ങുമ്പോൾ, ചില കാര്യങ്ങൾ പ്രേക്ഷകരോടൊപ്പം ശേഷിക്കും. ബാഹുബലി രണ്ടാം ഭാഗം അത്തരത്തിലൊന്നും സമ്മാനിക്കുന്നില്ലെന്ന് തോന്നുന്നു. പ്രഭാസിന്റെയും റാണ ദഗ്ഗുബാട്ടിയുടെയും രൂപങ്ങൾക്കപ്പുറം ബാഹുബലി 2 ഒന്നും ശേഷിപ്പിക്കുന്നില്ല. കട്ടപ്പ എന്തിന് ബാഹുബലിയെക്കൊന്നു എന്ന വലിയൊരു ചോദ്യംപോലെ യാതൊന്നും രണ്ടാം ഭാഗത്തിനുശേഷം മനസ്സിൽ മുഴങ്ങുന്നില്ല എന്നതും നിരാശപ്പെടുത്തുന്ന കാര്യമാണ്.