ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് ബാഹുബലി ദ ബിഗിനിങ് അവസാനിച്ചത്. അതുകൊണ്ടു തന്നെ ചിത്ത്തിന്റെ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.

ഷൂട്ടിങ് പൂർത്തിയായോ, എപ്പോൾ ചിത്രം തീയറ്ററുകളിലെത്തും, ഒാേഡിയോ ലോഞ്ച്, ടീസർ, ട്രെയിലർ എന്തിനു ഫസ്റ്റ് ലുക്ക് പോസ്റ്ററിനു പോലും കാത്തിരിപ്പായിരുന്നു. എന്നാൽ ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ചു കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുകയാണ്. മുബൈയിൽ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് പോസ്റ്റർ പുറത്തു വിട്ടത്.

നായകൻ പ്രഭാസിന്റെ പിറന്നാളിനു മുന്നോടിയായാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടത്. നാളെയാണ് പ്രഭാസിന്റെ ജന്മദിനം. പ്രഭാസിന്റെ ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ ഹൈലറ്റ്. കയ്യിൽ ചങ്ങലയും പിടിച്ചു നിൽ്കകുന്ന പോരാളിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രതികാര ദാഹിയായ റാണാ ദഗുപതിയേയും പോസ്റ്ററിൽ കാണാം.

ബാഹുബലി 2 ന്റെ ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത വർഷം ഏപ്രിലിൽ ചിത്രം തിയറ്ററുകളിലെത്തും.