ചെന്നൈ: എസ്.എസ്. രാജമൗലിയുടെ ബാഹുബലി രണ്ടിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ലാതായി മാറുന്നു. കഥയിലും അവതരണത്തിലും നിർമ്മാണത്തിലുമെല്ലാം ഇന്ത്യൻ പ്രേഷകർക്കുമുന്നിൽ അദ്ഭുതം തീർത്ത ഈ ചിത്രം കളക്ഷൻ റിക്കാർഡുകളുടെ കാര്യത്തിലും ചരിത്രം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്തതിന്റെ രണ്ടാംദിനവും മറ്റൊരു നൂറു കോടി രൂപ കൂടി ചിത്രം നിർമ്മാതാവിന്റെ പെട്ടിയിലെത്തിച്ചു.

വെള്ളിയാഴ്ചയാണ് ഇന്ത്യയിലെ 6500 തീയേറ്ററുകളിൽ ബാഹുബലി റിലീസ് ചെയ്തത്. മലയാളം അടക്കം അഞ്ചു ഭാഷാ പതിപ്പുകളിലാണ് ചിത്രം ഇറങ്ങിയത്. ആദ്യദിനം തന്നെ 121 കോടി നേടി. ഇന്ത്യയിൽ ഒരു ചിത്രം റിലീസിന് ഇത്രയും പണം വാരുന്നത് റിക്കാർഡായിരുന്നു.

രണ്ടാംദിനം മറ്റൊരു നൂറു കോടി കൂടി ചിത്രം നേടിയെന്ന് ബോക്‌സ് ഓഫീസ് ഇന്ത്യ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. രണ്ടാം ദിനത്തെ കളകഷൻ കൂടി ചേർക്കുമ്പോൾ ചിത്രം 221 കോടിക്കു മുകളിൽ നേടി.

അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കളക്ഷനിൽ നേരിയ കുറവ് രണ്ടാംദിനം അനുഭവപ്പെട്ടു. അതേസമയം ബാഹുബലിയുടെ ഹിന്ദി പതിപ്പാണ് കളക്ഷനിൽ മുന്നിട്ടു നിൽക്കുന്നത്. രണ്ടു ദിവസംകൊണ്ട് ഹിന്ദി പതിപ്പ് 40 കോടി രൂപയാണു നേടിയിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ മാത്രമാണി ചിത്രം പ്രദർശിപ്പിക്കുന്നത്. മറ്റു ഭാഷകൾ ലഭ്യമല്ലാത്തതിനാൽ ചിലർ ഹിന്ദി പതിപ്പാണ് തെരഞ്ഞെടുക്കുന്നത്. ഇതാണ് ഹിന്ദി പതിപ്പിന് കളക്ഷൻ കൂടാനുള്ള കാരണം.

അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കളക്ഷനിൽ വന്ന നേരിയ കുറവ് സാധാരണം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യദിനത്തിലെ കളക്ഷൻ പിന്നാലെയുള്ള ദിവസങ്ങളിൽ ഉണ്ടാകാറില്ല.