ദുബായ്: ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളിൽ ഉള്ള ഒരു സിനിമയോ ആയി ബാഹുബലി രണ്ടാം ഭാഗത്തെ വിലയിരുത്താമെന്ന് യുഎഇ,-യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു. ബാഹുബലിയുടെ ആദ്യ പ്രദർശനം യുഎയിൽ നടന്നിരുന്നു. ഇത് കണ്ട ശേഷമാണ് ഉമൈർ സന്ധു സിനിമയുടെ ആദ്യ റിവ്യൂ എഴുതുന്നത്. ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോക ക്ലാസിക്ക് സിനിമകളിൽ ഒന്നായിരിക്കും ബാഹുബലി എന്നാണ് നിരൂപകൻ പറയുന്നത്

നാളെയാണ് ചിത്രത്തിന്റെ ഇന്ത്യൻ റിലീസ്. ഇന്ത്യയിലെ റിലീസിനേക്കാളും ഒരു ദിവസം മുന്നേയാണ് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത്. ഇങ്ങനെ സിനിമ കണ്ട ശേഷമാണ് സന്ധുവിന്റെ റിവ്യൂ എഴുത്ത്. ഹാരി പോട്ടർ, ലോഡ് ഓഫ് റിങ്ങ്‌സ് എന്നീ ചിത്രങ്ങളോടാണ് ബാഹുബലി രണ്ടാം ഭാഗത്തെ ഉമൈർ സന്ധു ഉപമിച്ചിരിക്കുന്നത്. ബാഹുബലിയിലെ രണ്ടാം ഭാഗത്തിലെ ഓരോ സെക്കന്റുകളും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും ആദ്യ റിവ്യുവിൽ പറയുന്നു.

ആദ്യ ഭാഗത്തിലെ പ്രകടനത്തേക്കാളും നടന്മാരെല്ലാം അത്യുജ്ജ്വല പ്രകടനമാണ് നായകൻ പ്രഭാസ് കാഴ്ചവെച്ചിരിക്കുന്നത് എന്നും വിലയിരുത്തുന്നു. പ്രഭാസ് മാത്രമല്ല ചിത്രത്തിലെ എല്ലാ നടന്മാരും ഒന്നിനൊന്ന് മികച്ച് പ്രകടനമാണ് പുറത്തെടുത്തത് എന്നും സംവിധായകൻ വലിയൊരു സല്യൂട്ട് അർഹിക്കുന്നു. രമ്യ കൃഷ്ണന്റേയും അനുഷ്‌കയുടെയും ശക്തമായ കഥാപാത്രങ്ങൾ ആസ്വാധകരുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല എന്നും അഭിപ്രായപ്പെടുന്നു.

ആദ്യ ഭാഗത്തിലെ തിരക്കഥയേക്കാളും ഒരു പാട് മികച്ചതാണ് രണ്ടാം ഭാഗത്തിലെ തിരക്കഥ എന്നാണ് നിരൂപകൻ കുറിക്കുന്നത്. ചിത്രത്തിലെ ശബ്ദമിശ്രണവും, ഗ്രാഫിക്‌സുകളും ഒന്നിനൊന്ന് മെച്ചമാണ് എന്നാണ് നിരൂപകൻ അവകാശപ്പെടുന്നത്.